തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച യു.കെ പൗരന്മാർ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ ടീകൗണ്ടി റിസോർട്ടിൽ പ്ലമ്പിംഗ് ജോലിക്കെത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്. മൂന്ന് പേരും പശ്ചിമബംഗാൾ സ്വദേശികളാണ്. ഇവരിലൊരാൾ കടുത്ത പനിയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെയുള്ള രണ്ട് പേർക്കും പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ മൂന്ന് പേരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇവരുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യു.കെ പൗരന്മാർ റിസോർട്ടിൽ കഴിഞ്ഞിരുന്ന സമയത്താണ് ഇവിടെ ജോലിക്കെത്തിയതെന്നാണ് നിഗമനം. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 600 ആയി. ഇവരിൽ മൂന്ന് പേരൊഴിച്ച് ബാക്കിയെല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതിയതായി 92 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 29 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇന്നലെ വന്ന 10 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഇതുവരെ 52 പേരുടെ സ്രവമാണ് പരിശോധിച്ചത്. ഇതിൽ 51ഉം നെഗറ്റീവാണ്. ഇനി ഒരാളുടെ ഫലം കൂടിയാണ് വരാനുള്ളത്.