തൊടുപുഴ: ഏതാനും വർഷങ്ങൾ ഓസ്ട്രിയയിലായിരുന്നു കോളപ്ര തലയനാട് വെട്ടുകാട്ടിൽ ജിമ്മി. നാട്ടിലെത്തി കൃഷിയും കോഴിവളർത്തലും
ആരംഭിച്ചു. കുറഞ്ഞ ചെലവിൽ എങ്ങനെ കോഴി തീറ്റ സംഘടിപ്പിക്കാമെന്ന അന്വേഷണം ജിമ്മിയെ പട്ടാളപ്പുഴുക്കളിലെത്തിച്ചു. ഇന്റർനെറ്റിൽ നിന്നും യു ട്യൂബിൽ നിന്നും മറ്റും ലഭിച്ച മനുഷ്യന്റെ സമ്പൂർണ മിത്രങ്ങളെന്നറിയപ്പെടുന്ന പട്ടാളപ്പുഴുക്കളുടെ ജീവിതം ജിമ്മിയെ വിസ്മയിപ്പിച്ചു. കോഴികൾക്ക് പ്രോട്ടീൻ സമൃദ്ധമായ സമ്പൂർണ പോഷകാഹാരമാണ് പട്ടാളപ്പുഴുക്കൾ. ഇവയെ ഉത്പാദിപ്പിച്ച് ചെലവുകുറഞ്ഞ നിലയിൽ കോഴികളെ വളർത്താമെന്ന തിരിച്ചറിവ് നേടി. വൻ സാമ്പത്തിക ചെലവുള്ള സാമ്പ്രദായികമായ മാർഗങ്ങളെയെല്ലാം പാടേ ഉപേക്ഷിച്ച് പണച്ചെലവ് പരമാവധി കുറച്ച് സാധാരണക്കാരനും ലാർവ ഫാമിംഗ് സാധ്യമാകും എന്നു തെളിയിച്ചിരിക്കുകയാണ് ജിമ്മി. തൊടുപുഴ മാർക്കറ്റിൽ നിന്ന് ദിവസവും 500 കിലോ പഴംപച്ചക്കറി മാലിന്യമാണ് ജിമ്മി തന്റെ ഫാമിലേയ്ക്ക് കൊണ്ടു പോകുന്നത്. ഇവ മികച്ച ജൈവവളവും കോഴിത്തീറ്റയുമാക്കും. ഇതുപയോഗിച്ചാണ് ജിമ്മി വാഴ ഉൾപ്പടെയുള്ള കൃഷികൾ നടത്തുന്നത്. ഇപ്പോൾ 1500 കോഴികളാണ് ജിമ്മിയുടെ ഈച്ച ലാർവ ഫാമിലുള്ളത്.
ലാർവ ഉത്പാദനം ഇങ്ങനെ
സാധാരണ ഫാമുകളിൽ ഡ്രയറിൽ ഇട്ട ശേഷമാണ് ഈ മാലിന്യങ്ങൾ ലാർവ ഉത്പാദനത്തിനായി ട്രേകളിൽ നിക്ഷേപിക്കുക. എന്നാൽ ജിമ്മി അതിന് പകരം നല്ല വെയിലത്ത് ഇടുകയാണ് ചെയ്യുന്നത്. പാഴ് വസ്തുവായ പഴയ കന്നാസുകൾ രണ്ടാക്കി മുറിച്ചെടുത്ത് അവ ഉപയോഗിച്ചാണ് മാലിന്യ നിക്ഷേപിക്കുന്ന ട്രേകളുണ്ടാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഷെഡിലാണ് തന്റെ ഫാം സ്ഥാപിച്ചിരിക്കുന്നത്. ട്രേകളിൽ മാലിന്യം നിക്ഷേപിച്ച ശേഷം ഈച്ചയുടെ മുട്ടകൾ അതിനു മുകളിൽ വിതറും. അഞ്ചു ദിവസത്തിനുള്ളിൽ കോഴികൾക്ക് തീറ്റയായി ലാർവകളെ ലഭിച്ചു തുടങ്ങും.
പ്രകൃതിയുടെ പട്ടാളം
പട്ടാളപ്പുഴുക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്ലാക്ക് സോൾജിയർ ഫ്ലൈ (ബിഎസ്.എഫ്) എന്ന പ്രകൃതി സൗഹൃദ ഈച്ചകൾക്ക് (ലാർവ)
വായോ കുടൽമാലകളോ ഇല്ല. ഭക്ഷണസാധനങ്ങളിൽ വന്നിരിക്കില്ല. സാംക്രമികരോഗം പരത്തില്ല . ആകെ ഏഴ് ദിവസമാണ് ഇവയുടെ ആയുസ്. പ്രജനനം നടത്തുന്നതോടെ ആൺ ഈച്ചകളും മുട്ടയിടുന്നതോടെ പെൺ ഈച്ചകളും ജീവൻ വെടിയുമെന്നതൊക്കെയാണ് ജീവിതത്തിലും ആയുസിലുമുള്ള കണിശതയാണ് പട്ടാളമെന്ന് വിളിപ്പേര് ഈച്ചകൾക്ക് സമ്മാനിച്ചത്.