കട്ടപ്പന: അഞ്ചുരുളിയിലെ താമസക്കാരുടെ പട്ടയ സ്വപ്‌നങ്ങൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അഞ്ചുരുളി പട്ടയസമിതി. പത്തുചെയിനിലെ ഏഴു ചങ്ങല പ്രദേശത്തുള്ള ഭൂമിക്ക് പട്ടയം നൽകിക്കഴിഞ്ഞു. മൂന്നു ചങ്ങല പ്രദേശത്ത് പട്ടയം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ചുരുളിയിൽ ജണ്ടയിട്ടു തിരിച്ചിട്ടുള്ള കെ.എസ്.ഇ.ബിയുടെ സ്ഥലം കൈയേറിയിട്ടില്ല. മൂന്നു ചങ്ങല പ്രദേശത്ത് 50 വർഷത്തിലധികമായി നൂറുകണക്കിനു കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. വ്യാജപ്രചരണം നടത്തുന്നവർ അഞ്ചുരുളിയുടെ ടൂറിസം വികസനത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികളായ സിബിച്ചൻ മുണ്ടപ്പനാൽ, ജോണി മൂത്തോലിൽ, ബെന്നി പയ്യമ്പിള്ളിൽ, ജോയി മുട്ടത്തുകുന്നേൽ, ഷാജി പൊറപാറത്താഴത്ത് എന്നിവർ ആരോപിച്ചു.