sobhana
ആശ്രയ കിറ്റിൽ ലഭിച്ച അളവിൽ കുറവുവന്ന ഭക്ഷ്യസാധനങ്ങളുമായി ശോഭന

കട്ടപ്പന: അഗതികൾക്ക് കുടുംബശ്രീ വഴി നൽകിവരുന്ന ആശ്രയ കിറ്റിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ അടിച്ചുമാറ്റി. പലവ്യഞ്ജന സാധനങ്ങൾ പകുതിയോളം എടുത്തുമാറ്റിയ ശേഷം കൂട് വീണ്ടും ഒട്ടിച്ചാണ് ഗുണഭോക്താവിന് നൽകിയത്. കാഞ്ചിയാർ പഞ്ചായത്തിലെ നാലാം വാർഡായ വലിയകണ്ടം കല്ലുപുരയ്ക്കകത്ത് ശോഭനയ്ക്ക് ലഭിച്ച കിറ്റിലാണ് ഭക്ഷ്യവസ്തുക്കളുടെ കുറവ് കണ്ടെത്തിയത്. കൂടാതെ മുമ്പ് ലഭിച്ച പല സാധനങ്ങളും ഇത്തവണ ഉണ്ടായിരുന്നില്ല. 1800 രൂപയോളം വിലവരുന്ന പത്തോളം സാധനങ്ങളടങ്ങിയ കിറ്റാണ് മൂന്നുമാസം കൂടുമ്പോൾ വിതരണം ചെയ്തിരുന്നത്. ഇത്തവണ ലഭിച്ച കിറ്റിൽ കടല, പരിപ്പ്, വൻപയർ, വറ്റൽമുളക്, പഞ്ചസാര, മാവ് എന്നീ ആറു ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പകുതിയോളം സാധനങ്ങൾ മാറ്റിയശേഷം ഓരോ പായ്ക്കറ്റും ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ മുമ്പ് ലഭിച്ചിരുന്ന വെളിച്ചെണ്ണ, പോമോയിൽ, ചെറുപയർ തുടങ്ങിയ ഇത്തവണ കിറ്റിൽ നിന്നു അപ്രത്യക്ഷമായതായും ശോഭന, സഹോദരൻ കെ.എം. രാജു, സഹോദരി ശാന്ത സാബു എന്നിവർ പറയുന്നു.