തൊടുപുഴ: കൊറോണ വൈറസിനെതിരെയുള്ളജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ചെയ്തജനതാ കർഫ്യൂ ഏറ്റെടുത്ത് മലയോര ജനത.ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും രാവിലെ 7 മുതൽ പുറത്തിറങ്ങിയില്ല. പൊലീസും അവശ്യസർവീസുകളും മാത്രമാണ് നിരത്തുകളിൽ ഉണ്ടായിരുന്നത്.
കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ,ടാക്സികളും ആട്ടോറിക്ഷകൾ ഒന്നും സർവീസ് നടത്തിയില്ല.സാധാരണ ഹർത്താലിന്കാണുന്ന ഇരു ചക്ര വാഹനങ്ങൾ പോലും റോഡുകളിൽ വളരെ വിരളമായിരുന്നു. പെട്രോൾ പമ്പുകളും അടഞ്ഞു കിടന്നു. ആരാധാനാലയങ്ങളിലും ആളുകൾ എത്തിയില്ല. വൈകിട്ട് അഞ്ചിന്പലയിടങ്ങളിലും ആളുകൾ പാത്രങ്ങൾ കൊട്ടുകയും കൈകൾ അടിക്കുകയും ചെയ്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിച്ചു. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, പീരമേട്, അടിമാലി, ചെറതോണി, മൂന്നാർ തുടങ്ങിയ പ്രധാന ടൗണുകളെല്ലാം നിശ്ചലമായി.വിനോദസഞ്ചാരവും യാത്രകളും ഇല്ലാതെയാണ് ഇന്നലെ കടന്നു പോയത്.
മൂലമറ്റം: ടൗണിലുള്ള ഏതാനും ചില വ്യാപാര സ്ഥാപനങ്ങൾ രാവിലെ തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് അവർ സ്ഥാപനങ്ങൾ അടക്കാൻ തയ്യാറായി.ആരോഗ്യ വകുപ്പ് വിഭാഗം ഇന്നലെയും കൂടുതൽ കർമ്മ നിരതരായി പ്രവർത്തിച്ചു. ജാഗ്രതയുടെ ഭാഗമായി ഏതാനും ദിവസങ്ങളായി ആരോഗ്യ വകുപ്പും പൊലീസും റോഡിൽ നടത്തി വന്നിരുന്ന വാഹന പരിശോധന ഇന്നലെയും വിവിധ സ്ഥലങ്ങളിൽ നടത്തി. ഈരാറ്റപേട്ട, മേലുകാവ്, നീലൂർ പ്രദേശങ്ങളിൽ നിന്ന് മലങ്കര അണക്കെട്ട്, മാത്തപ്പാറ, തൊടുപുഴ പുഴ എന്നിവിടങ്ങളിൽ കുളിക്കാൻ വേണ്ടി വാഹനങ്ങളിൽ കൂട്ടത്തോടെ എത്തിയ ചിലരെ ജാഗ്രതയുടെ ഭാഗമായി ആരോഗ്യ വകുപ്പും പൊലീസും തിരിച്ചയച്ചിരുന്നു.
വിജനമായി ഹൈറേഞ്ച്
കട്ടപ്പന: ആളനക്കമില്ലാത്ത റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായിരുന്നു ഹൈറേഞ്ചിൽ എവിടെയും. തിരക്കേറിയ കട്ടപ്പന പോലുള്ള പട്ടണങ്ങൾ ആളും അനക്കവുമില്ലാതെയായി. ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. തോട്ടം മേഖലകളിലും വിജനമായിരുന്നു.
ചെറതോണി: തിരക്കേറിയ ചെറതോണി, കരിമ്പൻ, തടിയമ്പാട്, മുരിക്കാശേരി, തോപ്രാംകുടി ഉൾപ്പെടെയുള്ള ടൗണുകൾ ആളനക്കവുമില്ലാതായി.
അടിമാലി: അടിമാലിയിൽ അയൽ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ജനതാകർഫ്യൂവിന് പിന്തുണയറിച്ച് താമസസ്ഥലങ്ങളിൽ കഴിഞ്ഞു കൂടി. പൊലീസ് ക്യാന്റീൻ ഉൾപ്പെടെ അടഞ്ഞ് കിടന്നു. മന്ത്രി എം.എം മണി കർഫ്യൂവിന് പിന്തുണയറിയിച്ച് കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ വീട്ടിൽ കഴിഞ്ഞു. താലൂക്കാശുപത്രിയിൽ എത്തിയ രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. കർഫ്യൂ പാലിക്കാതെ നിരത്തിലിറങ്ങിയ ചുരുക്കം ചിലരെ പൊലീസ് താക്കീത് നൽകി തിരിച്ചയച്ചു.
മറയൂർ: അഞ്ചുനാട്ടിൽ ഗോത്രസമൂഹമായി കഴിഞ്ഞുവന്നിരൂന്ന ഗ്രാമീണർ ആദ്യമായി വീടുകളുടെ കതകുംജനലും അടച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞു. കാന്തല്ലൂർ, മറയൂർ , കീഴാന്തൂർ, കാരയൂർ, പുത്തൂർ, പെരൂമല എന്നീ അഞ്ചുനാടൻ ഗ്രാമങ്ങൾക്ക് പുറമെ ആദിവാസി കോളനികളിൽ നിന്നും ആരും പുറത്തിറങ്ങിയില്ല. കൃഷിയിടങ്ങളിലും ആരും തന്നെ എത്തിയില്ല. വിളകൾക്ക് വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ നേരത്തെ ചെയ്തിരുന്നു.