തൊടുപുഴ: വേനൽമഴയെ തുടർന്നുണ്ടായ കനത്ത കാറ്റിൽ മണക്കാട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പരക്കെ നാശം. അരിക്കുഴ, ആൽപ്പാറ എന്നിവിടങ്ങളിലായി നാല് വീടുകൾ തകർന്നു. ഒരു വീട് പൂർണമായും തകരുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് അ‌ഞ്ച് മണിയോടെയാണ് ഇവിടെ ശക്തമായ കാറ്റും മഴയുമുണ്ടായത്. ആറു മണി വരെ കനത്ത മഴ തുടർന്നു. ഇതിനിടയിൽ അരമണിക്കൂർ നേരമാണ് അതിശക്തമായ കാറ്റ് വീശിയത്. ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അരിക്കുഴ തരണിയിൽ ആട്ടോറിക്ഷാ ഡ്രൈവറായ ജെയ്സ് (40),​ ഭാര്യ മഞ്ജു,​ മക്കളായ റൂബൻ, റോബിൻ എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ജെയ്സ് കോലഞ്ചേരി കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആൽപ്പാറ സ്വദേശികളായ മൂന്നു പേരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ആൽപ്പാറ സ്വദേശികളായ ആൽപ്പാറ നിരപ്പേൽ ലീല, ആൽപ്പാറ തൊട്ടിയിൽ ജോയമ്മ, ആൽപ്പാറ തൊട്ടിയിൽ ഷാജൻ എന്നിവരുടെ വീടുകളുടെ മേൽക്കൂരകളാണ് കാറ്റിൽ നശിച്ചത്. ഇതിൽ ജോയമ്മ, ലീല എന്നിവർ വിധവകളും നിർദ്ധനരുമാണ്. ഇരുവരുടെയും വീടുകളുടെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നു പോയി നശിച്ചു. വീടിനകത്തും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമെല്ലാം നശിച്ചു. വീട് താമസയോഗ്യമല്ലാതായതോടെ ഇവർ ഇപ്പോൾ ബന്ധുവീടുകളിലാണ് താമസം. ഷാജന്റെ വീടിന്റെ മേൽക്കൂരയും കാറ്റിൽ നശിച്ചു. മഴ വെള്ളം വീണ് വീടിനുള്ളിലെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും നശിച്ചു. വീട്ടുകാർക്ക് പരിക്കുകളൊന്നുമില്ല. കഴിഞ്ഞ വർഷം ആൽപ്പാറയിൽ കാറ്റിലും മഴയിലും സമീപത്തെ ഒരു വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണിരുന്നു. നാശനഷ്ടം സംഭവിച്ച വീടുകൾ ഇന്ന് വില്ലേജ് ഓഫീസ് അധികൃതർ സന്ദർശിക്കും.