തൊടുപുഴ: കനത്ത മഴയിലും കാറ്റിലും വീടിന്റെ ജനൽഭിത്തിയിടിഞ്ഞ് ദേഹത്ത് വീണ് യുവാവിന് ഗുരുതര പരിക്ക്. അരിക്കുഴ തരണിയിൽ ജെയ്സിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ജെയ്സ് കോലഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്. കാലിനും തലയ്ക്കും പരിക്കേറ്റ ജെയ്സിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യ മഞ്ജു, രണ്ടാം ക്ലാസ് വിദ്യാർഥിയായ റൂബൻ, യു.കെ.ജി വിദ്യാർഥി റോബിൻ എന്നിവർക്ക് ഭിത്തിയിടിഞ്ഞ് വീണും വീട്ടുപകരണങ്ങൾ ദേഹത്ത് പതിച്ചും പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും കൂടിയായതോടെ പഴക്കം ചെന്ന വീടിന്റെ ഭിത്തി ഇടിഞ്ഞ് തിണ്ണയിലുണ്ടായിരുന്ന ജെയ്സിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. കോൺക്രീറ്റ് ജനൽ ഭിത്തി ദേഹത്ത് പതിച്ചതാണ് ഗുരുതര പരിക്കിനിടയാക്കിയത്. പുറത്തേയ്ക്ക് പോകാനൊരുങ്ങിയ ജെയ്സ് മഴ കാരണം തിണ്ണയിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ വീട് പൂർണണമായും നശിച്ചു.