മറയൂർ: കൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്ക് തടസം സൃഷ്ടിക്കുകയും കൂട്ടം കൂടുകയും ചെയ്ത മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. മറയൂർ ടൗണിലെ ജീപ്പ് ഡ്രൈവറർമാരായ ബാബുനഗർ സ്വദേശികളുമായ ഹരി (25), സന്തോഷ് (28), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമുള്ള പ്രതിരോധ നിർദ്ദേശങ്ങളും അവഗണിച്ച് കൂട്ടം കൂടി നിന്ന പതിനഞ്ചോളം പേരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച മൂന്ന് പേർക്കെതിരെയാണ് മറയൂർ പൊലീസ് കേസെടുത്തത്. ഊരുവാസൽ സ്വദേശി അജിത്തിനായി അന്വേഷണം ആരംഭിച്ചു.
കുമളിയിൽ മൂന്ന് പേർക്കെതിരെ കേസ്
കുമളി: ജനതാ കർഫ്യൂ ദിനത്തിൽ അലക്ഷ്യമായി നിരത്തിലിറങ്ങി സഞ്ചരിച്ച മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി സോണി (36), കുമളി കൊല്ലംപട്ടട സ്വദേശി ഷിബു (40), കുമളി ഓട മേട് സ്വദേശി ആൽബിൽ (23) എന്നിവർക്കെതിരെയാണ് കുമളി പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുമളി അതിർത്തിക്കപ്പുറത്ത് തമിഴ്നാട് സർക്കാരും കർശന നിലപാടുകളുമായി റോഡിലുണ്ടായിരുന്നു. കേരളത്തിൽ എത്തി ചരക്ക് ഇറക്കി ഏഴു മണിക്കു ശേഷം തിരികെ പോകുകയായിരുന്ന വാഹനങ്ങൾ തമിഴ്നാട് പൊലീസ് ലോവർ ക്യാമ്പിൽ പിടിച്ചിട്ടു. കർഫ്യൂ സമയം കഴിഞ്ഞ് പോയാൽ മതിയെന്ന നിർദ്ദേശവും നൽകി. തമിഴ്നാട് സർക്കാർ ഇന്ന് പുലർച്ചെ അഞ്ചു വരെ കർഫ്യൂ നീട്ടിയിട്ടുണ്ട്.
അടിമാലി: കൊറോണ നിരീക്ഷണത്തിലായിരുന്ന യുവതി നിർദ്ദേശം പാലിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങി സഞ്ചരിച്ചതിന് വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. കൊന്നത്തടി വടക്കെപറമ്പിൽ സുപ്രിയ ബാബുവിന് (27) എതിരെയാണ് കേസെടുത്തത്. യു. എ. ഇയിൽ ജോലി നോക്കുന്ന യുവതി കഴിഞ്ഞ 12ന് നാട്ടിൽ എത്തിയിരുന്നു. തുടർന്ന് കൊറോണ രോഗ ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവർ പിഞ്ചു കുഞ്ഞുമായി നെടുങ്കണ്ടത്ത് ഭർത്താവിന്റെ വീട്ടിലേയ്ക്ക് യാത്ര ചെയ്തു. ഈ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് സുപ്രിയയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തതെന്ന് എസ്.ഐ എം.വി. സ്‌കറിയ പറഞ്ഞു.
മൂന്നാറിലും കേസ്
മൂന്നാർ: മൂന്നാർ പോതമേട്ടിൽ കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു സംഘം. ജീപ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.