തൊടുപുഴ: കോറോണയുടെ പശ്ചാത്തലത്തിൽ എല്ലാത്തരം വായ്പകളും പൂർണമായും എഴുതിത്തള്ളണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മോറട്ടോറിയം കൊണ്ട് ആർക്കും ഒരു പ്രയോജനവും ലഭിക്കില്ല. ബാങ്കുകൾക്ക് പലിശയടക്കം അന്യായ ലാഭത്തിന് മോറട്ടോറിയം വഴിയൊരുക്കും. ബാങ്കുകൾക്ക് മാത്രം പ്രയോജനം ഉണ്ടാകുന്നതാണ് മോറട്ടോറിയം പ്രഖ്യാപനം. കഴിഞ്ഞ ജനുവരി 31 വരെ പലിശ കൃത്യമായി അടച്ചവർക്ക് മാത്രമേ മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിബന്ധന തന്നെ മനുഷ്യത്വ രഹിതമാണ്. നോട്ട് നിരോധനവും പ്രളയവും മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് എങ്ങിനെ വായ്പയുടെ പലിശ അടയ്ക്കാനാവുമെന്ന കാര്യം സർക്കാർ മനപ്പൂർവം കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്തെ നിർമ്മാണ മേഖലയും ഉത്പാദന മേഖലയും സമ്പൂർണമായും മരവിച്ചത് അതീവ ഗുരുതരമായ തൊഴിലില്ലാമയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും പട്ടിണിക്കും വഴിയൊരുക്കും. പട്ടിണി മാറ്റൻ വകയില്ലാത്തവർ എങ്ങിനെ വായ്പ അടയ്ക്കുമെന്ന് സർക്കാർ ആലോചിക്കാത്തത് ക്രൂരതയാണ്. വിദ്യാഭ്യാസ വായ്പകൾ, കാർഷിക വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയ വിവിധ ഇനം വായ്പകൾ പൂർണമായും എഴുതി തള്ളിയാലെ ജനങ്ങളെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുവാനാവുകയുള്ളു. രാജ്യത്ത് ആകമാനമുള്ള ചെറുകിട വായ്പകൾ എല്ലാം കൂടി ചേർത്താലും കോർപ്പറേറ്റ് ഭീമൻമാരുടെ കിട്ടാകടത്തിന്റെ അത്രയും വരില്ല. എല്ലാത്തരം ചെറുകിട വായ്പകളും എഴുതിത്തള്ളുകയും വൻകിട വായ്പകളുടെ പലിശ പൂർണ്ണമായും എഴുതിത്തള്ളുകയും തിരിച്ചടവിന് സാവകാശം അനുവദിക്കുകയും വേണമെന്നും നേതാക്കൾ പറഞ്ഞു.