മുട്ടം: മുട്ടം പഞ്ചായത്തിലെ കാക്കൊമ്പ്, പച്ചിലാം കുന്ന് പ്രദേശങ്ങളിൽ കുടിവെളളം കിട്ടാക്കനിയാകുന്നു. എല്ലാ വർഷവും വേനൽക്കാലത്ത്അതി രൂക്ഷമായ കുടി വെള്ള ക്ഷാമം നേരിടുന്ന പ്രദേശവുമാണിത്.കുടിവെള്ളം ലഭിക്കാത്തതുമൂലം ഇവിടുത്തെ ആയിരകണക്കിന് ജനങ്ങൾ ദുരിതത്തിലുമാണ്. മുമ്പ് രണ്ട് ദിവസം കൂടുമ്പോൾ ഈ പ്രദേശത്തിലേക്ക് വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം ലഭിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ആഴ്ചയിൽ ഒരിക്കൽപ്പോലും കുടിവെളളം ലഭിക്കാത്ത അവസ്ഥയാണ് നില നിൽക്കുന്നത്. നിരവധി കോളനികളടക്കം ആയിരകണക്കിന് ആളുകളാണ് വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്. കുടിവെളളം കിട്ടാതായതോടെ ആയിരക്കണക്കിന് രൂപ മുടക്കി കുടിവെളളം വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടെയുള്ള സാധാരക്കാർക്ക്. പ്രശ്ന പരിഹാരത്തിന് വാട്ടർ അതോറിട്ടി, പഞ്ചായത്ത് അധികൃതർ എന്നിവരെ നാട്ടുകാർ സമീപിച്ചെങ്കിലും യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.