തൊടുപുഴ: കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് വളരെയധികം സാദ്ധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ അനിവാര്യമാണെന്ന് സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ. രോഗം അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ നിലവിലെ ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാകുന്ന സ്ഥിതിവിശേഷം ഉണ്ടാവും. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസർവീസുകൾ ഒഴികെയുള്ള സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ടു കൊണ്ട് ലോക്ക് ഡൗൺ നടപ്പിലാക്കി ഈ മഹാമാരിയെ നേരിടേണ്ടതാണ്. ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ കാലതാമസം നേരിട്ടാൽ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുള്ള സാഹചര്യമുണ്ടെന്നും സർക്കാരിന്റെ എല്ലാ നടപടികൾക്കും പൂർണപിന്തുണ നൽകുന്നതായും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ.സെബി എന്നിവർ പറഞ്ഞു.