തൊടുപുഴ: ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർത്ഥത വേണം എന്നാണ് വസ്തുത. എന്നാൽ തൊടുപുഴ കെ എസ് ആർ ടി സി ഡിപ്പോയിലെ ചില ജീവനക്കാരുടെ ആത്മാർത്ഥത കണ്ട് തലയിൽ കൈ വെച്ച് അതിശയപ്പെടുകയാണ് ജനം. ഡിപ്പോയിലെ ദൈനം ദിന കളക്ഷൻ പിറ്റേ ദിവസം ബാങ്കിൽ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ അമ്പലം ബൈപാസിൽ പ്രവർത്തിക്കുന്ന ബാങ്കിൽ കളക്ഷൻ അടക്കാൻ വേണ്ടി ജീവനക്കാർ കെ എസ് ആർ ടി സി ബസിലാണ് പതിവായി എത്തുന്നത്. അമ്പലം ബൈപാസ് വഴി മുവാറ്റുപുഴ മേഖലയിലേക്ക് കടന്ന് പോകുന്ന ബസിലാണ് ജീവനക്കാർ കളക്ഷൻ അടക്കാൻ വേണ്ടി എത്തുന്നത് എന്ന് കരുതിയാൽ തെറ്റി. ഡ്രൈവറും കണ്ടക്ടറുമില്ലാതെ സർവീസ് നടത്താൻ കഴിയാതെ ഡിപ്പോയുടെ മൂലക്ക് പാർക്ക് ചെയ്തിരിക്കുന്ന ബസുകളിലാണ് ഇവർ ബാങ്ക് ഇടപാടുകൾ നടത്താൻ എത്തുന്നത്. കളക്ഷൻ അടക്കാൻ ചുമതലയുള്ള ജീവനക്കാരൻ, സെ ക്യൂരിറ്റി ജീവനക്കാരൻ എന്നിങ്ങനെ രണ്ട് ആളുകൾ മാത്രമാണ് ഇടപാടുകൾ നടത്താൻ ബാങ്കിൽ എത്തുന്നത്. ഇവർ രണ്ട് ആളുകൾക്ക് മാത്രം സഞ്ചരിക്കാനാണ് ഒരു കെ എസ് ആർ ടി സി ബസ് ഉപയോഗിക്കുന്നത് എന്നതാണ് ഏറെ കൗതുകം. സാമ്പത്തിക നഷ്ടത്തിന്റേയും മറ്റ് അനാവശ്യ കാര്യങ്ങളുടെ പേരിലും ജനത്തെ ബുദ്ധിമുട്ടിച്ച് അടിക്കടി സർവീസ് റദ്ദ് ചെയ്യുമ്പോഴാണ് ജീവനക്കാർ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്.
ഗതാഗതകുരുക്ക്
അമ്പലം ബൈപാസിൽ എല്ലാ സമയവും അതി രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇത് വക വെക്കാതെയാണ് ബാങ്ക് ഇടപാടുകൾ നടത്താൻ കെ എസ് ആർ ടി സി ബസ് മണിക്കൂറോളം നേരം റോഡിൽ പാർക്ക് ചെയ്യുന്നത്. ബസ് റോഡിൽ പാർക്ക് ചെയ്യുന്നതോടെ ഇത് വഴിയുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയുമാണ്. ബാങ്കിലേക്കും ഇവിടെയുള്ള എ ടി എം മറ്റ് സ്ഥാപനങ്ങളിലേക്കും കടന്ന് പോകാൻ കഴിയാത്ത വിധമാണ് ബസ് പാർക്ക് ചെയ്യുന്നതും. ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിൽ എത്തുന്ന സ്തീകൾ വയോജനങ്ങൾ ഉൾപ്പടെയുള്ളവർക്ക് കടന്ന് വരാൻ ഏറെ ബുദ്ധിമുട്ടുമാണ്.