കട്ടപ്പന: ജനത കർഫ്യൂവിന്റെ മറവിൽ ഇറച്ചിക്കോഴി വില കുത്തനെ ഉയർത്തി. 45 മുതൽ 50 രൂപയായിരുന്ന വില ഒറ്റദിവസം കൊണ്ട് 95 മുതൽ 100 രൂപ വരെയാക്കി വർദ്ധിപ്പിച്ചു. ജനത കർഫ്യൂ പ്രഖ്യാപിച്ചതോടെ ശനിയാഴ്ച ഇറച്ചിക്കോഴി വിൽപ്പനശാലകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കട്ടപ്പന നഗരത്തിലെ മുഴുവൻ കടകളും രാത്രി ഒൻപതോടെ കാലിയായി. ഇറച്ചിക്കോഴിക്ക് പുറമേ പോത്തിറച്ചി, പന്നിയിറച്ചി, മുയൽ, കാട വിൽപ്പനയും പൊടിപൊടിച്ചു. നിയന്ത്രണം മറികടന്ന് കോഴിക്കടകളിൽ ആളുകൾ കൂട്ടംകൂടിയതോടെ വ്യാപാരികളും നന്നേ വലഞ്ഞു. പൊലീസ് എത്തിയാണ് പല കടകളിലും തിരക്ക് നിയന്ത്രിച്ചത്. നിശ്ചിത അകലമൊന്നും പാലിക്കാതെ ആളുകൾ കടകളിൽ തിങ്ങിനിറഞ്ഞു. ആദ്യമായാണ് ഇറച്ചിക്കോഴി സ്‌റ്റോക്ക് മുഴുവൻ വിറ്റുതീരുന്നതെന്ന് വ്യാപാരികൾ പറയുന്നു. കട്ടപ്പനയ്ക്ക് പുറമേ ഇരുപതേക്കർ, ഇരട്ടയാർ, വെള്ളയാംകുടി എന്നിവിടങ്ങളിലെ കോഴിക്കടകളും മണിക്കൂറുകൾക്കുള്ളിൽ കാലിയായി.
തമിഴ്‌നാട്ടിലെ ഫാമുകളിൽ ഉൽപാദനം വർദ്ധിച്ചതോടെയാണ് മൂന്നാഴ്ച മുമ്പ് വില 50 രൂപയിലേക്ക് ഇടിഞ്ഞത്. കൊറോണ, പക്ഷിപ്പനി ഭീതിയെത്തുടർന്ന് മറ്റു ജില്ലകളിലേക്കുള്ള കയറ്റുമതി കുറഞ്ഞതും വില ഇടിയാൻ കാരണമായിരുന്നു. ക്രിസ്തീയ വിശ്വാസികളുടെ നോമ്പ് കാലവും വിൽപ്പനയെ സാരമായി ബാധിച്ചിരുന്നു.ഇതോടെ വ്യാപാരികൾ കൂടുതലായി സ്‌റ്റോക്ക് കരുതിയിരുന്നില്ല. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വൻതോതിൽ ആളുകൾ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇതിന്റെചുവട്പിടിച്ചാണ് വിലയും കുത്തനെ ഉയർത്തിയത്. കിലോഗ്രാമിനു 50 രൂപയ്ക്ക് ആരംഭിച്ച വിൽപന മണിക്കൂറുകൾക്കുള്ളിൽ 90 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു. കച്ചവടം അവസാനിക്കാറായപ്പോൾ വില 100 രൂപയാക്കി. ആളുകൾ തിരക്കുകൂട്ടിയതോടെ പല കടകളിലും കോഴിയെ കശാപ്പ് ചെയ്യുന്നതും നിർത്തിവച്ചു. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് ഇടുക്കിയിലേക്ക് കൂടുതലായി ഇറച്ചിക്കോഴി എത്തുന്നത്.