ഇടുക്കി: കൃഷി ഡയറക്ടറുടെ തീരുമാനത്തിന് വിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടർ നിലപാടെടുത്തതിനെ തുടർന്ന് നഷ്ടമായ 10 ലക്ഷം രൂപ രണ്ട് മാസത്തിനകം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. കാർഷിക വികസന കർഷക ക്ഷേമ ഡയറക്ടർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്. തൊടുപുഴ മുതലക്കോടം സ്വദേശി കെ.എം. ജോർജ്ജിന് തുക നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. പരാതിക്കാരനായ കെ.എം. ജോർജ്ജിന് 2017 ഡിസംബർ നാലിന് കൃഷി ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നെല്ല് കുത്തി യന്ത്രം സ്ഥാപിക്കാൻ സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. 2018 മാർച്ച് ഒമ്പതിന് തുക കെ.എം. ജോർജിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ കൃഷി ഡയറക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. എന്നാൽ നെല്ലുകുത്തി യന്ത്രം സ്ഥാപിക്കാൻ സബ്‌സിഡിയായിട്ടാണ് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിലപാടെടുത്തു. സർക്കാർ അനുവദിച്ച ധനസഹായം പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റാനാവില്ലെന്ന് പറഞ്ഞ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തുക മാറ്റി. പരാതിക്കാരൻ സ്വന്തം ചെലവിൽ നെല്ല് കുത്തി യന്ത്രം സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടർ തീരുമാനിച്ചു. ഇത്തരത്തിലുള്ള നിർദ്ദേശം പരാതിക്കാരന് നൽകിയെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടർന്ന് സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ അസിസ്റ്റന്റ് ഡയറക്ടറുടെ വാദം കള്ളമാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. മൊത്തം പദ്ധതി ചെലവായ 12,20,000 രൂപയിൽ 10 ലക്ഷം രൂപ ധനസഹായമായി തനിക്ക് അനുവദിച്ചതാണെന്നും മില്ല് വാങ്ങാൻ താൻ ഒന്നര ലക്ഷം രൂപ ചെന്നൈയിലെ കമ്പനിക്ക് മുൻകൂർ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. കൃഷി ഡയറക്ടറുടെ തീരുമാനത്തിന് വിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടർ തീരുമാനമെടുത്തതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന പരാതിക്കാരന്റെ വാദം അന്യായമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ നിരീക്ഷിച്ചു. പരാതിക്കാരന് കഷ്ടനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് 10 ലക്ഷം രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചത്. കേസ് ജൂണിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.