പുതിയതായി 43 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കും

60 വയസ് കഴിഞ്ഞവരുടെയും മാറാവ്യാധികൾ ഉള്ളവരുടെയും കണക്കെടുക്കും.

തൊടുപുഴ: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ പരിശോധിച്ച 52 പേരുടെ ഫലവും നെഗറ്റീവ്. ഇനി മൂന്ന് പേരുടെ ഫലം കൂടിയാണ് വരാനുള്ളത്. നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 643 പേരാണ്. ഇവരിൽ മൂന്ന് പേരൊഴിച്ച് ബാക്കിയെല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരായ യു.കെ പൗരന്മാർ താമസിച്ചിരുന്ന മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ പ്ലമ്പിംഗ് ജോലിക്കെത്തിയ മൂന്ന് അന്യസംസ്ഥാനതൊഴിലാളികളാണ് ടാറ്റാ ടീ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതിയതായി 43 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ദുരന്ത പ്രതിരോധ അതോറിട്ടി യോഗം ചേർന്നു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂർ എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിലെ പരിശോധന കർശനമാക്കും. ലയങ്ങളിൽ താമസിക്കുന്നവർക്ക് ബോധവത്കരണം നൽകും. ഏതെങ്കിലും രോഗലക്ഷണമുള്ളവർ വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശിച്ചു. ഇവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും വീടുകളിൽ എത്തിച്ച് കൊടുക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷണത്തിൽ വെച്ച് ഇവർക്ക് കൗൺസിലിംഗ് നൽകും. മറ്റു ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങളടക്കം പരിശോധിച്ച് അണുവിമുക്തമാക്കും. വിപണിയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ്, കൊറിയർ വഴി വരുത്തുന്ന സാധനങ്ങൾ എന്നിവ 12 മണിക്കൂർ കഴിഞ്ഞ് ഉപയോഗിച്ചാൽ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. ഇതിന് കഴിയില്ലെങ്കിൽ ഓരോ പായ്ക്കറ്റും തുറക്കുമ്പോഴും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. 60 വയസ് കഴിഞ്ഞവരുടെയും മാറാവ്യാധികൾ ഉള്ളവരുടെയും പഞ്ചായത്ത് തലത്തിലുള്ള കണക്കെടുക്കും. ജില്ലയിൽ ഹിന്ദി, തമിഴ് ഭാഷകളിൽ ബോധവത്കരണ പ്രചരണം നടത്താനും സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡി.എം.ഒ ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, തുടങ്ങി വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ വകുപ്പ്, ദുരന്ത പ്രതിരോധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.