
കട്ടപ്പന: ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്ക് ആദരവറിയിച്ച് പുറത്തിറക്കിയ കവിതയ്ക്ക് മികച്ച പ്രതികരണം. 'നന്ദി നിങ്ങൾക്ക് നന്ദി, ഒരായിരം നന്ദി, മറുമരുന്നില്ല മഹാവ്യാധിയെ, തുടച്ചെറിയുവാനായി നിൽക്കും ആരോഗ്യ രക്ഷകർ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ശിൽപികൾ കട്ടപ്പന സ്വദേശികളായ അരുൺ രാമചന്ദ്രൻ, യദു കൃഷ്ണൻ, ജയരാജ് കട്ടപ്പന എന്നിവരാണ്. ജനത കർഫ്യൂ ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഇവർക്ക് സ്‌നേഹോപഹാരമായി കവിത പുറത്തിറക്കാൻ മൂവരും തീരുമാനിക്കുകയായിരുന്നു. ജയരാജിന്റെ വരികൾക്ക് യദു കൃഷ്ണൻ സംഗീതം നൽകിയ കവിത അരുൺ രാമചന്ദ്രൻ ആലപിച്ചിരിക്കുന്നു. കവിത ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിച്ചതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗായകൻ അരുൺ രാമചന്ദ്രൻ നൃത്ത അദ്ധ്യാപകനും സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാവുമാണ്. കട്ടപ്പനയിൽ മുദ്ര ആട്‌സ് എന്ന നൃത്തകല വിദ്യാലയം നടത്തിവരുന്നു. ജയരാജും യദു കൃഷ്ണനും കലാകാരൻമാരാണ്.