അരിക്കുഴ: വാട്ടർ അതോറിട്ടിയുടെ കുടിവെള്ള ടാങ്കിന് സമീപത്തെ അനധികൃത കൃഷിയും കീടനാശിനി പ്രയോഗവും ശുദ്ധജലം മലിനമാക്കുന്നതായി പരാതി. അരിക്കുഴ കുടിവെള്ള ടാങ്കിന് സമീപത്തെ വാട്ടർ അതോറിട്ടിയുടെ സ്ഥലത്തെ കൃഷിക്കെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ടാങ്കിന്റെ മേൽനോട്ട ചുമതലയുള്ള താത്കാലിക ജീവനക്കാരനാണ് ഇവിടെ വാഴയും പയറുമുൾപ്പെടെയുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത്. എന്നാൽ കൃഷി ചെയ്യുന്നതിലല്ല,​ വ്യാപകമായ കീടനാശിനി പ്രയോഗത്തിനെതിരെയാണ് നാട്ടുകാർക്ക് പരാതി. കൃഷിക്ക് മേൽ കീടനാശിനി പ്രയോഗിക്കുമ്പോൾ സമീപത്തെ ടാങ്കിൽ നിന്ന് വെള്ളമൊഴുകിയെത്തുന്ന കുളത്തിൽ വീഴുന്നതായി ഇവർ പറയുന്നു. ഈ വെള്ളമാണ് എം.വി.ഐ.പിയുടെ ഇടത് കനാലിലൂടെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നിരവധിപ്പേരാണ് കനാൽ വെള്ളത്തെ ആശ്രയിക്കുന്നത്. കനാലിന് സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് പോലും കനാലിൽ നിന്ന് വെള്ളമടിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് എത്രയും വേഗം വാട്ടർ അതോറിട്ടി അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.