തൊടുപുഴ: മാസ്‌കിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും അമിതവില ഈടാക്കി മെഡിക്കൽ ഷോപ്പുടമകൾ. തൊടുപുഴ നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ ലീഗൽ മെട്രോളജി വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ 10 രൂപയുടെ മാസ്‌കിന് 30 രൂപ ഈടാക്കുന്നതായി കണ്ടെത്തി. മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പിഴയും ഈടാക്കി. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും മെഡിക്കൽ സ്റ്റോറുകളിൽ മാസ്‌ക് ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുണ്ട്. ക്ഷാമമെന്ന് പറയുമ്പോൾ തന്നെയാണ് കരിഞ്ചന്തയും. ഒരാഴ്ച മുമ്പും ടെലിഫോൺ എക്‌സ്‌ചേഞ്ച് ജംഗ്ഷന് സമീപത്തെ ഒരു മെഡിക്കൽ ഷോപ്പിൽ അമിതവില ഈടാക്കിയതായി പരാതി ഉയർന്നിരുന്നു. ഇടയ്ക്കിടെ അധികൃതർ പരിശോധന നടത്താറുണ്ട്. സ്റ്റോക്കില്ലെന്ന് പറഞ്ഞാണ് പല മെഡിക്കൽ ഷോപ്പ് ഉടമകളും തന്ത്രപൂർവം രക്ഷപ്പെടുന്നത്.
വില നേരത്തെ നിശ്ചയിച്ചത്
സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 200 മില്ലി സാനിറ്റൈസറിന് ചില്ലറ വിൽപന ശാലകൾ നൂറു രൂപവരെ മാത്രമെ ഈടാക്കാവൂ. രണ്ട് ലെയർ മാസ്‌കിന് എട്ടും മൂന്നു ലെയറിന് പത്തു രൂപയും ഈടാക്കണമെന്നാണ് സർക്കാർ ഉത്തരവ്. മാസ്‌കിന് അമിത വില ഈടാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.
കിട്ടുന്നത് 18നെന്ന്
മൊത്തക്കച്ചവടക്കാർ ജി.എസ്.ടി സഹിതം 18 രൂപയ്ക്കാണ് മാസ്‌ക് നൽകുന്നതെന്ന ന്യായം പറഞ്ഞാണ് മെഡിക്കൽ ഷോപ്പുകാർ അമിതവില ഇടാക്കുന്നത്. മുതൽമുടക്കായ 18 രൂപക്ക് വിറ്റഴിച്ചാൽ പോലും നിയമനടപടി നേരിടേണ്ടി വരുന്നുവെന്നും ഇവർ പറയുന്നു.