തൊടുപുഴ: കൊറോണ വൈറസിനെതിരെയുള്ള ലോക്ക്ഡൗൺ അടക്കമുള്ള മുൻകരുതലുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇന്നലെയും ജില്ലയിലെ ബെവ്‌കോ ഔട്ട്‌ലറ്റുകൾക്ക് മുമ്പിൽ ദൃശ്യമായത് നീണ്ട ക്യൂ. ഒരു മീറ്റർ അകലംപാലിച്ച് മാത്രമേ ക്യൂ പാടുള്ളൂവെന്ന മുൻകരുതൽ കാറ്റിൽപ്പറത്തി വലിയതിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. വൈകിട്ട് അത് പാരമ്യത്തിെലത്തി. തൊടുപുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കാൻ ഇന്നലെ തീരുമാനിച്ചെങ്കിലും ബെവ്‌കോ ഔട്ട്‌ലറ്റുകൾ അടച്ചിട്ടില്ല.
ബസുകളിൽ തിരക്ക്
ജനം യാത്ര ചെയ്യുന്നതിന് നിരുത്സാഹപ്പെടുത്താൻ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറച്ചതോടെ യാത്രക്കാർ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നതാണ് കാണാനായത്. ചില ഉൾപ്രദേശങ്ങളിലേക്ക് ഇന്നലെ ഒരു ബസും സർവീസ് നടത്തിയില്ല. ബസുകളെ ആശ്രയിച്ച് ഓഫീസിലും മറ്റും പോകുന്ന നിരവധിപ്പേരെ ഇത് ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആർ.ടി.സിയും നല്ലൊരു പങ്ക് സർവീസുകളും നിറുത്തി വച്ചിരിക്കുകയാണ്. നിശ്ചിത അകലം പാലിക്കാൻ ആളുകൾക്ക് സാധിക്കാത്ത വിധമുള്ള ഈ തിരക്ക് വിപരീത ഫലമുണ്ടാക്കുമോയെന്ന് ആശങ്കയുണ്ട്. ബസുകളിൽ സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും തിരക്കിനിടെ ഇത് അപ്രായോഗികമാണ്.
സാധനങ്ങൾ വാങ്ങി കൂട്ടി ജനം
കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുമെന്ന ഭീതി വന്നതോട സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്നിടങ്ങളിലുമെല്ലാം വൻ തിരക്കാണ് ഇന്നലെയും അനുഭവപ്പെടുന്നത്. രാവിലെ മുതൽ തന്നെ ആളുകൾ കടകളിലെത്തി സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ഭക്ഷ്യ സാധനങ്ങൾക്ക് യാതൊരു ദൗർലഭ്യവും അനുഭവപ്പെടുകയില്ലെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമില്ലെന്നും സർക്കാർ വാഗ്ദാനമുണ്ടെങ്കിലും ജനങ്ങൾ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. തൊടുപുഴയിലെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ഒരു സമയം 10 പേരിൽ കൂടുതൽ പ്രവേശിപ്പിക്കുന്നില്ലായിരുന്നു.