കട്ടപ്പന: ലോക്ക് ഡൗൺ പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യദിനത്തിൽ ഹൈറേഞ്ചിലെ ടൗണുകളിൽ അവശ്യസാധനങ്ങൾ വാങ്ങാനുള്ള തിരക്ക്. കട്ടപ്പന നഗരത്തിൽ അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കുകയും കൂട്ടം കൂടരുതെന്ന നിർദേശം ലംഘിക്കുകയും ചെയ്ത നാലുപേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. വിലക്ക് ലംഘിച്ച് തുറന്ന പത്തോളം പെട്ടിക്കടകളും ലഘുഭക്ഷണ ശാലകളും കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. നഗരത്തിൽ ആളുകൾ കൂട്ടംകൂടുന്ന സാഹചര്യമൊഴിമാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. അനാവശ്യമായി നിരത്തിലിറങ്ങിയ മുഴുവൻ വാഹനങ്ങളും തിരിച്ചയച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കാനിറങ്ങിയവരെ താക്കീത് നൽകി പറഞ്ഞയച്ചു. വൈകിട്ടോടെ കട്ടപ്പനയിലെയും ഉപ്പുതറയിലെയും പൊലീസ് റൂട്ട്മാർച്ച് നടത്തി.
രാവിലെ ഏഴുമുതൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെത്തിയിരുന്നു. ആളുകൾ കൂടുതലായി എത്തിച്ചേർന്ന മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി, മത്സ്യ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പലതവണ എത്തി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. പിഞ്ചുകുഞ്ഞുങ്ങളുമായും കുടുംബസമേതവും നഗരത്തിലെത്തിയവർക്ക് കർശന നിർദേശം നൽകി. നഗരത്തിനു പുറമേ ഇരുപതേക്കർ, വെള്ളയാംകുടി, വളളക്കടവ്, പള്ളിക്കവല, വെട്ടിക്കുഴക്കവല, വാഴവര എന്നിവിടങ്ങളിലും ഹെൽത്ത് ഇൻസ്പക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ് എന്നിവർ നേത്യത്വം നൽകി.
കട്ടപ്പന ബിവറേജസ് മദ്യവിൽപനശാലയിലെ തിരക്കിനു ഇന്നലെയും ശമനമുണ്ടായില്ല. നിശ്ചിത അകലം പാലിക്കണമെന്ന നിർദേശവും ആളുകൾ അവഗണിച്ചു. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജ് ഔട്ട്‌ലെറ്റുകൾ അടയ്ക്കാത്ത സർക്കാർ നടപടിക്കെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന ഔട്ട്‌ലെറ്റ് പടിക്കലും ധർണ നടത്തി. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുജിത് ശശി, വൈഖരി ജി.നായർ എന്നിവർ നേതൃത്വം നൽകി.