തൊടുപുഴ:പാലിയേറ്റീവ് പരിചരണതിൽ ഉള്ളവർക്കും മുതിർന്ന പൗരൻമാർക്കുമായി ടെലി മെഡിസിൻ യൂണിറ്റ് ആരംഭിക്കുന്നു. കൊറോണരോഗം പകരാൻ ഇടയായാൽ ഏറ്റവും അധികം അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു വിഭാഗമാണ് പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾ. കിടപ്പുരോഗികൾ മിക്കവാറും പ്രായാധിക്യം ഉള്ളവരാണ് . പാലിയേറ്റീവ് കെയർ രോഗികൾക്ക് കൊറോണ രോഗം വരാതെ തടയുകയും, ആവശ്യമായ നിർദ്ദേശങ്ങളും സന്ദേശങ്ങളും നൽകുകയുംവേണം. രോഗികൾക്കും പരിചാരകർക്കുമുള്ള ആശങ്കകൾക്ക് പരിഹാരവും നൽകണം .കൂടുതൽ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ആശുപത്രികളിൽ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോൾ വഴിയോ ,ഫോൺ കോൾ വഴിയോ ലഭ്യമാക്കിയാൽ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളിൽ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും . ഇവ മുന്നിൽകണ്ടുകൊണ്ട് ജില്ലാ പാലിയേറ്റീവ് കെയർ പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും മുതിർന്ന പൗരൻമാർക്കുമായി ജില്ലാതലത്തിൽ ടെലി മെഡിസിൻ യൂണിറ്റ് ജില്ലാ ആശുപത്രി തൊടുപുഴയിൽ ഇന്ന് രാവിലെ 9 മുതൽ പ്രവർത്തനം ആരംഭിക്കും. 9847588097 എന്ന നമ്പറിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വാട്ട്‌സ് ആപ് വീഡിയോ കോളുകളും , 7510179891എന്ന നമ്പറിൽ 24 മണിക്കൂറും ഫോൺ കോളും ചെയ്യാം . പാലിയേറ്റീവ് കെയറിൽ പ്രതേക പരിശീലനം ലഭിച്ച അൽഅസ്ഹർ മെസിക്കൽ കോളജിലെ ഡോക്ടർമാരാണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്.