ചെറുതോണി: ആർച്ച് ഡാമിന് നൂറ് മീറ്റർ സമീപത്ത് താമസിക്കുന്ന ഡാം ടോപ്പ് നിവാസികൾക്ക് കുടിവെള്ളം കിട്ടുന്നില്ല. മരിയാപുരം പഞ്ചായത്തിൽ എട്ടാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിത്. ഇടുക്കി കട്ടപ്പന റോഡിൽ നിന്നും ആർച്ച് ഡാമലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലുമായാണ് ആളുകൾ താമസിക്കുന്നത്. കുറത്തി മലയുടെ ഒരു ഭാഗം ആയതിനാൽ കിണർ ഉൾപ്പെടെയുള്ള ജല സ്രോതസുകളുമില്ല.
കഴിഞ്ഞ 50 വർഷമായി ഇവിടെ വസിക്കുന്ന ഇവരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാരോ ത്രിതല പഞ്ചായത്തുകളോ തയ്യാറായിട്ടില്ലാ. മൂന്ന് ദിവസം കൂടുമ്പോൾ അഞ്ഞൂറ് രൂപാ മുടക്കി വാഹനത്തിൽ വെള്ളമെത്തിക്കുകയാണിവർ. മരിയാപുരം പഞ്ചായത്തും പ്രശ്‌നത്തിൽ ഇടപെടുന്നില്ല ന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി ഡാമിന്റെ പൊലീസ് സെക്യൂരിറ്റി ഏരിയയിൽ വരെ കുടിവെള്ളം ഉണ്ട്. അവിടെ നിന്നും പുറത്തേയ്ക്ക് ഒരു കണക്ഷൻ ലഭിച്ചാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രദേശ വാസികൾ പറയുന്നു.