കട്ടപ്പന: നഗരത്തിലെ മാർക്കറ്റുകളിൽ രാവിലെ അവശ്യസാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. പച്ചക്കറി, പലവ്യഞ്ജന വിൽപനശാലകളിലേക്ക് നിരവധി പേർ എത്തിയിരുന്നു. ആളുകൾ വാഹനങ്ങളുമായി മാർക്കറ്റിലേക്കു എത്തിയതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. അതിർത്തികളിൽ പച്ചക്കറി കയറ്റിവന്ന വാഹനങ്ങൾ തടഞ്ഞതോടെയാണ് കടകളിൽ തിരക്ക് വർദ്ധിച്ചത്. പച്ചക്കറികൾക്കു ക്ഷാമമുണ്ടാകുമെന്ന വ്യാജപ്രചരണവും ആളുകളിൽ പരിഭ്രാന്തി പരത്തി.
ഇതിനിടെ ഉള്ളി വില കിലോഗ്രാമിന് 100 രൂപയിലെത്തി. രണ്ടുദിവസത്തിനിടെ 40 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. 40 രൂപയായിരുന്ന ബീൻസ് 80ലെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്നു വ്യാപാരികൾ പറയുന്നു. കൂടാതെ സവോള, കിഴങ്ങ് എന്നിവയ്ക്കും 10 രൂപ കൂടിയിട്ടുണ്ട്. മറ്റു പച്ചക്കറികൾക്കൊന്നും വില വർധിച്ചിട്ടില്ല. പഴവർഗങ്ങളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. കർണാടകയിൽ ഉൾപ്പടെ വിളവെടുപ്പ് നിർത്തിയതാണ് ലഭ്യതക്കുറവിനു കാരണം. പച്ചക്കറി വില വർധനയൊന്നും ചന്തകളിലെ തിരക്കിനെ ബാധിച്ചില്ല. ഉച്ചയോടെയാണ് മാർക്കറ്റുകളിൽ തിരക്ക് കുറഞ്ഞത്.