തൊടുപുഴ: കൊറോണ രോഗബാധയെ തുടർന്നുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കോലാനി അമരം കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവും ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ദേവസ്വം ഓഫീസിൽ ബുക്ക് ചെയ്യുന്ന കുംഭകുട വഴിപാടുകളെ പ്രതിനിധീകരിച്ച് ഒരു കുംഭകുടം മാത്രം അനുവദിക്കാനും മറ്റ് വഴിപാടുകാർ വ്രതശുദ്ധിയോടെ അവരവരുടെ ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥനകളിൽ പങ്കടുക്കാനും ഭരണസമിതി ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു. കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു വിളക്ക് മഹോത്സവത്തിന് പ്രസാദ ഊട്ട്, കാഴ്ച ശ്രീബലി എന്നിവ ഉണ്ടായിരിക്കുന്നതല്ല. ആറാട്ട് പള്ളിവേട്ട എന്നിവ ചടങ്ങുകൾ മാതമായി ചുരുക്കും. ദേവസ്വം ഓഫീസിൽ ബുക്ക് ചെയ്യുന്ന പറവഴിപാടുകൾ തിരുമുമ്പിൽ ദേശപ്പറയായി സമർപ്പിക്കുമെന്നും ഭരണ സമിതി അറിയിച്ചു.