uputhara

കട്ടപ്പന: ലോക്ക് ഡൗൺ അവഗണിച്ച് ഉപ്പുതറയിൽ പെട്ടിക്കടകൾ അടക്കം ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും രാവിലെ തുറന്നു. തിങ്കളാഴ്ച കടമുടക്കം ആയിരുന്നതിനാൽ ഇന്നലെ രാവിലെ മുതൽ നൂറുകണക്കിന് ആളുകൾ ടൗണിലേക്ക് ഒഴുകിയെത്തി. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും എത്തിയതോടെ പല തവണ ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉപ്പുതറ സി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ ഡോ. കെ.ഇ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി തുറക്കാൻ അനുമതിയില്ലാത്ത കടകൾ അടപ്പിച്ചു. മാവേലി സൂപ്പർ മാർക്കറ്റ്, മറ്റ് പലവ്യഞ്ജന വ്യാപാരശാലകൾ എന്നിവിടങ്ങളിൽ എത്തിയവർക്ക് അകലം പാലിക്കുന്നതടക്കമുള്ള കർശന നിർദ്ദേശവും നൽകി.