കട്ടപ്പന: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജില്ലയിലെ തോട്ടം മേഖല സജീവം. യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. ജില്ലയിലെ തേയില, ഏലം, കാപ്പി, റബ്ബർ തോട്ടങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി തോട്ടം മേഖലയും അടച്ചിടുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. എന്നാൽ ഇതുവരെയും സർക്കാരോ തൊഴിൽ വകുപ്പോ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മാസ്‌ക്, കൈയുറ, സാനിറ്റൈസർ ഉൾപ്പെടെ യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ കൂട്ടമായെത്തിയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. നിഷ്‌കർഷിച്ചിട്ടുള്ള അകലവും പാലിച്ചല്ല ജോലി ചെയ്യുന്നത്. കൊറോണ സംബന്ധിച്ച ബോധവത്കരണവും ഇവർക്ക് ലഭിച്ചിട്ടില്ല.