തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ നിർമാണം പൂർത്തിയായി കിടന്ന എഴു നിലകളുള്ള മന്ദിരത്തിൽ ഒറ്റ രാത്രികൊണ്ട് കൊറോണ ആശുപത്രിയാക്കി മാറ്റി ഡി.വൈ.എഫ്.ഐ. എല്ലാ ജില്ലകളിലും കൊറോണ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ആശുപത്രി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് തൊടുപുഴ ജില്ലാ ആശുപത്രിയോട് ചേർന്ന് മദർ ആന്റ് ചൈൽഡ് ആശുപത്രി മന്ദിരം കൊറോണ ആശുപത്രിയാക്കി മാറ്റിയത്. എൻ.ആർ.എച്ച്.എമ്മിന്റെ ഭാഗമായി ബിൽഡിംഗിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിലും വൈദ്യുതീകരണവും കുടിവെള്ള സംവിധാനവും ഒരുക്കാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെ കളക്ടറുടെ പ്രത്യേക നിർദേശവും ഇടപെടലും മൂലം ഇവിടെ വൈദ്യുതി എത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ആശുപത്രി അധികൃതർ ഇവിടെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് അടിയന്തരമായി കൊറോണ ആശുപത്രി സജ്ജമാക്കേണ്ട കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഓരോ വില്ലേജ് കമ്മിറ്റിയിൽ നിന്നും 10 പേർ വീതം എത്തണമെന്ന് നിർദേശം നൽകി. 11 കമ്മിറ്റികളിൽ നിന്നായി 120 പേർ മണിക്കൂറുകൾക്കുള്ളിൽ എത്തി. കൂട്ടം കൂടാനാവാത്തതിനാൽ പത്തു പേർ വീതം ഓരോ നിലകൾ വൃത്തിയാക്കുന്നതിനും മറ്റുള്ളവരെ അവർക്ക് ജോലി ചെയ്യാനുള്ള സാധനങ്ങൾ എത്തിക്കുന്നതിനുമായി ചുമതലപ്പെടുത്തി. മുറികൾ കഴുകി വൃത്തിയാക്കുന്നതിനായി തടസമായിരുന്നത് വെള്ളത്തിന്റെ അഭാവമായിരുന്നു. പ്ലംമ്പിംഗ് പൂർത്തിയായിരുന്നെങ്കിലും വെള്ളം ലഭ്യമായിരുന്നില്ല. വെള്ളം എത്തിക്കുന്ന നടപടികൾ ആദ്യം പൂർത്തിയാക്കിയ ശേഷം ജെറ്റ് പമ്പുകൾ ഉപയോഗിച്ച് ഓരോ നിലകളും കഴുകി വൃത്തിയാക്കുകയായിരുന്നു. വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ജോലികൾ പുലർച്ചെ മൂന്നു മണിക്ക് പൂർത്തിയാക്കി. ഏഴു നിലകളും കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു നിലകളിലായി രോഗികളെ പാർപ്പിക്കുന്നതിനായി 30 കട്ടിലുകളും സജ്ജമാക്കി. മുറികളിലെല്ലാം പണി സാധനങ്ങളുടെ അവശിഷ്ടങ്ങളും മണലും സിമന്റും മാറാലയുമൊക്കൊയായിരുന്നു. ഇനിയും ആവശ്യം വരുന്ന മുറയക്ക് ബാക്കി മുറികളിലും കട്ടിലുകളും മറ്റുസൗകര്യമാക്കും. ഇനി എപ്പോൾ വേണമെങ്കിലും കോറോണ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാകും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ്, പ്രസിഡന്റ് ടി.എസ് ഷിയാസ്, ട്രഷറർ പവിരാജ് എന്നിവർ നേതൃത്വം നൽകി.
'തൊഴിലാളികളെ ഏൽപ്പിച്ചാൽ ഒരാഴ്ചയിലധികം കാലതാമസം വേണ്ടി വരുന്ന ജോലികളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരു രാത്രി കൊണ്ട് പൂർത്തിയാക്കിയത് ""
-ഡോ. സുജ ജോസഫ് (തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട്)