തൊടുപുഴ: കത്തുന്ന വേനലിലും നിറഞ്ഞൊഴുകുന്ന തൊടുപുഴയാർ സംരക്ഷിക്കണമെന്നുള്ള ആവശ്യത്തോട് അധികൃതക്ക് ഇപ്പോഴും അവഗണന. തൊടുപുഴ ആറ്‌ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വിവിധ മേഖലകളിലുള്ള വ്യക്തികളും സംഘടനകളും മന്ത്രി, എം എൽ എ, എം പി എന്നിവർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും കാര്യങ്ങൾക്ക് ഒരു തീരുമാനവും ഇല്ല.വേനൽകാലത്ത് സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകൾ വറ്റി വരളുമ്പോൾ മലങ്കര അണക്കെട്ട് നിറഞ്ഞുതുളുമ്പും, ഇത് തൊടുപുഴ ആറിനെയും ജല സമൃദ്ധിയാക്കും.മലങ്കര അണക്കെട്ടിലെ ജലാശയത്തെ ആശ്രയിച്ച് ചെറുതും വലുതുമായ 100 ലേറെ കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്.

മലങ്കര അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ പ്രധാന സ്‌ത്രോതസ് മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും പുറംതള്ളുന്ന വെള്ളമാണ്. വേനൽകാലത്ത് മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയരും.ഇവിടെ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവിനെ ആശ്രയിച്ചാണ് തൊടുപുഴ ആറ്റിലെ വെള്ളത്തിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നതും.ഇത് കൂടാതെ അണക്കെട്ടിന്റെ രണ്ട് വശങ്ങളിലുള്ള കനാലുകളിലൂടെ വെള്ളം കടത്തി വിടുന്നുമുണ്ട്. കനാലിലൂടെ വെള്ളം ഒഴുക്കാൻ അണക്കെട്ടിൽ 39 മീറ്റർ വെള്ളമാണ് ആവശ്യമായി വരുന്നതും.കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് വേനൽ കടുത്തതോടെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 41.40 മീറ്ററായി നിലനിർത്തിയിട്ടുമുണ്ട്. ഇക്കാരണത്താൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുള്ള കിണറുകളും ജല സ്‌ത്രോതസുകളും ജലസമൃദ്ധവുമാണ്.

കനാലിലൂടെ 70 കി. മീ.ദൂരത്തിൽ വെള്ളം കിട്ടും

അണക്കെട്ടിൽ നിന്നും 70 കിലോമീറ്റർ ദൂരമുള്ള ഇടത് - വലത് കനാലുകളിലൂടെയാണ് ജലസേചനത്തിനായി വെള്ളം എത്തിക്കുന്നത്.ഇടതുകര കനാൽ പെരുമറ്റം, നെടിയശാല, കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളം മേഖലയിൽ എത്തും. വലതുകര കനാൽ തെക്കുംഭാഗം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ വഴി ഭൂതത്താൻ കെട്ടിലും എത്തിച്ചേരും. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. കൂടാതെ കനാലിലൂടെയുള്ള വെള്ളം കനാൽ കടന്ന് പോകുന്ന മേഖലകളിലെയും പതിനായിരക്കണക്കിന് ജനമാണ് ഉപയോഗിക്കുന്നതും.കനാലിലൂടെ വെള്ളം ഒഴുകി എത്തുമ്പോൾ ചെറു തോടുകളും ജല സംഭരണിയും കിണറുകളും സജീവമാകും. കുടിവെള്ള പദ്ധതികൾ മലങ്കര അണക്കെട്ടിന് സമീപത്തുള്ള 7 പഞ്ചായത്തുകളിലും ശുദ്ധജലം എത്തിക്കുന്നത് ഇവിടെ നിന്നുള്ള വെള്ളമാണ്.100 ലേറെ ചെറുതും വലുതമായി ശുദ്ധജലവിതരണ പദ്ധതികളാണ് ജലാശയത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. കൂടാതെ മലങ്കര അണക്കെട്ടിനു നിന്നും പുറം തള്ളുന്ന വെള്ളമാണ് തൊടുപുഴ നഗരസഭയിലും ശുദ്ധജലവിതരണത്തിന് എടുക്കുന്നത്. വ്യാവസായികമായി ഉല്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിയിലേക്കുള്ള വെള്ളവും തൊടുപുഴയാറ്റിൽ നിന്നാണ് എത്തിക്കുന്നതും.

പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നില്ല

മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, കൂടാതെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെയും തൊടുപുഴ ആറിനെ സംരക്ഷിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും.എന്നാൽ നേരിട്ടും അല്ലാതെയും ലക്ഷ ക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തൊടുപുഴയാറ് ശൗചാലയ മാലിന്യത്താലും മറ്റ് മലിനപെടുന്നതും വശങ്ങൾ ഇടിച്ച് നിരത്തി കയ്യേറ്റം നടത്തുന്നത് തടയാനും ജനപ്രതികളോ ഉദ്യോഗസ്ഥരോ ഒരു പദ്ധതിതിയും ആവിഷ്‌ക്കരിക്കുന്നുമില്ല.