തൊടുപുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1123 ആയി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് ഇത്രയധികം എണ്ണം പെട്ടെന്ന് കൂടാൻ കാരണം. ഇന്നലെ 538 പേരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. അഞ്ച് പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഇടുക്കി മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ഓരോരുത്തരെ വീതം ഐസൊലേഷൻ വാർഡിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ ഐസൊലേഷൻ വാർഡിലാക്കിയ ബംഗാൾ സ്വദേശികളായ മൂന്ന് പേർ മൂന്നാറിലെ ടാറ്റീ ടീ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 60 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇതുവരെ 59 പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇതുവരെ വന്ന 52 പേരുടെ ഫലവും നെഗറ്റീവാണ്.