ഇടുക്കി: തമിഴ്‌നാട് അതിർത്തി അടച്ചതിനാൽ കാട്ടുപാതയിലൂടെ സ്വദേശത്തേക്ക് പോയ തമിഴ് തോട്ടം തൊഴിലാളികൾ കാട്ടുതീയിൽപ്പെട്ടതിനെത്തുടർന്ന് മൂന്ന് വയസുകാരിയടക്കം രണ്ട് പേർ മരിച്ചു. കേരള- തമിഴ്‌നാട് അതിർത്തിയിൽ തേനി രാസിംഗാപുരത്തുണ്ടായ കാട്ടുതീയിൽ അകപ്പെട്ട് ബോഡി നായ്ക്കന്നൂർ സ്വദേശി വിജയമണി (45), തിരുമൂർത്തിയുടെ മകൾ കൃതിക (3) എന്നിവരാണ് മരിച്ചത്. പേത്തൊട്ടിയിലെ സ്വകാര്യ തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഒമ്പതംഗ സംഘം പൂപ്പാറ പേത്തൊട്ടിയിൽ നിന്ന് ജണ്ടാർ നിരപ്പ് വഴി ഒണ്ടിവീരൻ ക്ഷേത്ര പാതയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകും വഴിയിലാണ് കാട്ടുതീയിൽ അകപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ വിജയമണിയും കൃതികയും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഘത്തിലെ മഹേശ്വരി ശിവകുമാർ (25), മഞ്ചുള വെങ്കിടേഷ് (28), ലോഗേശ്വരൻ (20) എന്നിവർക്ക് സാരമായി പൊള്ളലേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന വജ്രമണി (25) കൽപ്പന (45), ഒണ്ടിവീരൻ (28), ജയശ്രീ (23) എന്നിവർക്ക് കാര്യമായ പരിക്കുകളില്ല. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരുമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.