തൊടുപുഴ: കൊറോണ മാർഗനിർദേശങ്ങളുടെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വില്പനയ്ക്ക് മാർഗമില്ലാതെ പൈനാപ്പിൾ കർഷകർ കണ്ണീരിലായി. പൈനാപ്പിൾ ശേഖരിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്ന വാഴക്കുളത്തെ സംഭരണ കേന്ദ്രം അടച്ചതോടെ തോട്ടങ്ങളിൽ നിൽക്കുന്ന പൈനാപ്പിൾ വെട്ടി വിൽക്കാനാവുന്നില്ല. ഇതോടെ വിളവെടുപ്പിന് പാകമായ പൈനാപ്പിളുകൾ തോട്ടത്തിൽ കിടന്ന് ചീയുന്ന അവസ്ഥയിലാണ്. രണ്ട് ദിവസം മുമ്പ് വരെ ചെറുകിട കർഷകർ ആട്ടോറിക്ഷയിലും മറ്റും എത്തിച്ച് ചില്ലറ വിൽപ്പന നടത്തിയിരുന്നു. എന്നാൽ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ പ്രാദേശിക വിപണികളിലെ വില്പനയും നിലച്ചു. ദിവസവും ശരാശരി 100 ലോഡ് പൈനാപ്പിൾ വാഴക്കുളത്ത് നിന്ന് സംഭരിച്ച് കയറ്റി അയച്ചിരുന്നതാണ്. ഉത്തരേന്ത്യ കൂടാതെ പാക്കിസ്ഥാനിലെ ലാഹോർ വരെ വാഴക്കുളത്ത് നിന്നുള്ള കൈതചക്ക എത്തിയിരുന്നു. എന്നാൽ ഡൽഹി, മുംബയ്, ഗുജറാത്ത്, പൂനെയ്, രാജസ്ഥാൻ തുടങ്ങിയ കച്ചവട കേന്ദ്രങ്ങൾ അടച്ചതോടെ പൈനാപ്പിളുമായി പോയ നൂറ് കണക്കിന് ലോറികൾ വഴിയിൽ കിടക്കുകയാണ്. ഈ വർഷം മികച്ച വിളവും വിലയും ലഭിച്ചിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ കൊറോണ വന്നു പെട്ടത്. തോട്ടങ്ങളിൽ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും കർഷകരെ പ്രതിസന്ധിയിലാക്കി. തോട്ടത്തിൽ കിടന്ന് ചീഞ്ഞാൽ തുടർ കൃഷിയെയും ബാധിക്കും.
ലക്ഷങ്ങളുടെ നഷ്ടം
ഒരു ചെടി കായ്ക്കുന്നത് വരെ 30- 33 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്. വേനൽക്കാല സംരക്ഷണ ചെലവ് വേറെ. ഇത്തരത്തിൽ മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. കാർഷിക വായ്പകളിലൂടെയും സ്വർണം പണയം വെച്ചുമാണ് പലരും കൃഷിയിറക്കിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ദുരിതത്തിലായി. ഏക്കറിന് 80,000 രൂപ വരെ ശരാശരി പാട്ടത്തുക തന്നെ വരും.
കൊറോണയ്ക്ക് മുമ്പുള്ള വില
പച്ച ചക്ക- 28 രൂപ/ കിലോ
പഴം- 30
മുടങ്ങിയത് മൂന്ന് കോടിയുടെ കച്ചവടം
ദിവസവും മൂന്ന് കോടി രൂപയുടെ കച്ചവടമാണ് വാഴക്കുളത്ത് നടന്നിരുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പൈനാപ്പിളുകളെല്ലാം വാഴക്കുളത്ത് നിന്നാണ് കയറ്റുമതി ചെയ്തിരുന്നത്. കോട്ടയം കുറുപ്പുന്തറയിലും പൈനാപ്പിൾ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട സംഭരണകേന്ദ്രം വാഴക്കുളമാണ്. ഇത് ഒറ്ററയടിക്ക് ഇല്ലാതായതോടെ വൻ സാമ്പത്തിക നഷ്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്.
''തമിഴ്നാട്ടിൽ നിന്നടക്കം പച്ചക്കറികളും പഴങ്ങളും ബുദ്ധിമുട്ടില്ലാതെ വരുമ്പോൾ നമ്മുടെ ഒരു ഉത്പന്നം കേരളത്തിൽ പോലും വിൽക്കാനാകാത്തത് കഷ്ടമാണ്. ലക്ഷങ്ങൾ മുടക്കി ഉത്പാദിപ്പിച്ച പൈനാപ്പിൾ വിളവെടുക്കാനാകാതെ ചീഞ്ഞ് പോകുന്ന സ്ഥിതി ഒഴിവാക്കാൻ അധികൃതർ ഇടപെടണം. കേരളത്തിലെങ്കിലും വിൽക്കാനുള്ള സംവിധാനം ഉണ്ടാക്കണം."
-ജെയിംസ് ജോർജ്
(പ്രസിഡന്റ്, പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ)