തൊടുപുഴ: ലോക്ഡൗണിന്റെ ഭാഗമായി ഇന്നലെ കർശന സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതോടെ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളും വിജനമായിരുന്നു. ഇന്നലെ രാവിലെ ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പൊലീസ് നിയന്ത്രണം ശക്തമാക്കിയതോടെ കുറഞ്ഞു. വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ച് അവശ്യ കാര്യങ്ങൾക്കാണെന്ന് ഉറപ്പാക്കി. അല്ലാത്തവർക്കെതിരെ കേസെടുത്തു. നിയന്ത്രണങ്ങൾ ശക്തമായതോടെ കറങ്ങാനിറങ്ങിയവർ ഉൾവലിഞ്ഞു. ചിലർ പൊലീസിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ പല നമ്പരുകളിറക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന ചില കടകൾ മാത്രമാണ് ഇന്നലെ തൊടുപുഴയിൽ തുറന്നത്. പാസുകളോ സത്യവാങ്മൂലമോ കാണിക്കുന്നവരെ മാത്രമേ കടത്തിവിടൂ. ലോക്ക് ഡൗൺ നിർദേശങ്ങൾ അനുസരിക്കാൻ വലിയൊരു വിഭാഗം തയ്യാറായപ്പോൾ ചിലർ പൊലീസിനോട് തട്ടിക്കയറിയതും കാണാമായിരുന്നു.
സമൂഹവ്യാപനം തടയാൻ സംസ്ഥാനം പൊരുതുമ്പോഴും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പലരും തയാറാകുന്നില്ല.
സാധനങ്ങളുടെ വില കൂട്ടുന്നു
പച്ചക്കറി ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്നതായി പരാതി വ്യാപകമാണ്. പല കടകളിലും രണ്ട് ദിവസത്തിനിടെ വില ഇരട്ടിയായി. മേട്ടുപാളയം പച്ചക്കറി മാർക്കറ്റ് അടച്ചെന്ന വാർത്ത ഉച്ചയോടെ വന്നപ്പോൾ ചില കടക്കാർ വില വീണ്ടും കൂട്ടി. അന്യസംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ ഇനി വരില്ലെന്ന ധാരണയിലാണ് വില വർദ്ധിപ്പിക്കുന്നത്. മുഖ്യമന്ത്രി കൃത്രിമമായി വില കൂട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു മാറ്റവുമില്ല. അതേസമയം സാനിറ്റൈസറിന് മെഡിക്കൽ സ്റ്റോറുകളിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.