kattappana1

കട്ടപ്പന: ലോക്ക് ഡൗണിന്റെ രണ്ടാം ദിനത്തിൽ അനാവശ്യമായി നിരത്തിലിറങ്ങിയവർക്ക് 'നല്ല പിട'യും പിന്നെ പിഴയും. ലോക്ക് ഡൗൺ 'കാണാനെ'ത്തിയവരെയാണ് പൊലീസ് അടി കൊടുത്ത് പറപ്പിച്ചത്. നിരോധനം ലംഘിച്ച് അനാവശ്യമായി വാഹനം നിരത്തിലിറക്കിയതിനും കൂട്ടം കൂടിയതിനുമടക്കം കട്ടപ്പന പൊലീസ് 25 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രണ്ടുദിവസങ്ങളിലായി 35 കേസുകളാണ് കട്ടപ്പനയിൽ ചാർജ് ചെയ്തത്. ഇന്നുമുതൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. ഉപ്പുതറ, വണ്ടൻമേട് സ്‌റ്റേഷനുകളിൽ 10 വീതം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കട്ടപ്പന നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിരത്തിലിറങ്ങിയ മുഴുവൻ വാഹനങ്ങളുടെയും നമ്പർ അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയവർ തടസമില്ലാതെ കടന്നുപോയി. വാഹന പരിശോധനയ്ക്കിടെ നഗരത്തിൽ കറങ്ങാനെത്തിയ യുവാക്കളും ചുട്ട അടിയും താക്കീതും കിട്ടി വീട്ടിലേക്കു മടങ്ങി. ഇതിനിടെ നഗരം നടന്ന് ചുറ്റിക്കാണാനും ലോക്ക് ഡൗൺ 'വിലയിരുത്താനു'മെത്തിയവർക്കും കണക്കിനു കിട്ടി. ലാത്തി പ്രയോഗത്തെക്കുറിച്ച് കേട്ടും കണ്ടുമറിഞ്ഞവർ പിന്നീട് അനാവശ്യമായി പുറത്തേയ്ക്ക് ഇറങ്ങുന്നത് അവസാനിപ്പിച്ചു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, എസ്.ഐ. സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പതിവുപോലെ രണ്ടാംദിവസവും രാവിലെ കട്ടപ്പന മാർക്കറ്റിൽ ആളുകൾ കൂട്ടത്തോടെയെത്തി. കഴിഞ്ഞദിവസം നഗരസഭ ആരോഗ്യവിഭാഗം നൽകിയ മുന്നറിയിപ്പുകളും ആളുകൾ ചൊവിക്കൊണ്ടില്ല. വാഹനങ്ങളുമായി എത്തിയതോടെ മാർക്കറ്റിനുള്ളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ കാൽനടയാത്രയും തടസപ്പെട്ടു.
21 ദിവസത്തേയ്ക്ക് ലോക്ക് ഡൗൺ നീട്ടിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യത കുറയുമെന്ന അഭ്യൂഹത്തെ തുടർന്നാണ് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. പലചരക്ക് കടകളിലും പച്ചക്കറി കടകളിലും ആളുകൾ കൂട്ടംകൂടിയതോടെ ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി നിയയന്ത്രിച്ചു. മാസ്‌കുകൾ പോലും ധരിക്കാതെ ആളുകൾ തിക്കിത്തിരക്കുന്നത് ഭീഷണിയാകുന്നുണ്ട്. ഉച്ചയോടെയാണ് തിരക്ക് കുറഞ്ഞത്. അതേസമയം പച്ചക്കറി വിലയിൽ മാറ്റമില്ല. ഉള്ളി വില കഴിഞ്ഞദിവസം 100 രൂപയായിരുന്നത് 20 രൂപ കുറഞ്ഞ് 80ലെത്തി.ലോക്ക് ഡൗൺ പ്രഖ്യാപനത്തിനുശേഷം മറ്റു പച്ചക്കറികൾക്കൊന്നും വില കൂടിയിട്ടില്ല. ആരോഗ്യവിഭാഗത്തിന്റെ കർശന നിർദേശമുള്ളതിനാൽ സപ്ലൈകോ മാർക്കറ്റിൽ ടോക്കൺ നൽകിയാണ് ആളുകളെ കയറ്റിയത്. ഒരേസമയം അഞ്ചുപേർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി.