മുട്ടം: ശക്തമായ ചൂട് നിലനിൽക്കുമ്പോൾ കുടയത്തൂർ അറക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നത് ഇരുട്ടടിയാകുന്നു. പകൽ സമയങ്ങളിൽ മിക്ക സമയവും വൈദ്യുതി ഇല്ലാതാവുകയാണ്. ഫാനുകൾ പ്രവർത്തിക്കാനാകത്തതിനാൽ ശക്തമായ ചൂടിൽ പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ ആകെ ദുരിതത്തിലാവുകയാണ്. നിലയ്ക്കുന്ന വൈദ്യുതി അധിക സമയം കഴിഞ്ഞാണ് പുന:സ്ഥാപിക്കുന്നതും. കാറ്റോ മഴയോ ഇല്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തിലും വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ ഇല്ലാത്ത സമയത്ത് എങ്കിലും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.