കട്ടപ്പന: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന.നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആളുകൾക്ക് പ്ലാസ്റ്റിക് കൂടുകളിൽ സാധനങ്ങൾ നൽകുന്നത് ശ്രദ്ധയിൽപെട്ടത്. കൂടാതെ ഉത്തരവ് മറികടന്ന് തുറന്ന പെട്ടിക്കടകളും അടപ്പിച്ചു. കൂടാതെ വെള്ളയാംകുടി, ഇരുപതേക്കർ, വള്ളക്കടവ് എന്നിവിടങ്ങളിലും പരിശോധന നടത്തി. അവശ്യ ഇതര വസ്തുക്കൾ വിൽപന നടത്തുന്ന കടകളും അടപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൂങ്കുഴി കോളനിയിൽ ബോധവൽക്കരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
ഇതിനിടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. നടപടി തുടർന്നാൽ എല്ലാ കടകളും അടച്ചിടുമെന്നും വ്യാപാരികൾ അറിയിച്ചു.