കട്ടപ്പന: സർക്കാർ ഉത്തരവ് മറികടന്ന് ഹെലിബറിയ ടീ കമ്പനിയിൽ ഇന്നലെയും തൊഴിലാളികളെ ജോലിക്കിറക്കി. ഉച്ചയോടെ പൊലീസ് എത്തി ജോലി നിർത്തിവയ്പ്പിച്ചശേഷം തൊഴിലാളികളെ തിരികെ വീടുകളിലേക്ക് പറഞ്ഞുവിട്ടു. സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്ക് ശമ്പളത്തോടെ അവധി നൽകണമെന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇന്നലെ മറ്റു തോട്ടങ്ങളിൽ തൊഴിലാളികൾക്ക് അവധി നൽകിയപ്പോൾ ഹെലിബറിയ ടീ കമ്പിനിയിലെ ചിന്നാർ, സെമിനവാലി, വള്ളക്കടവ്, ഹെലിബറിയ എന്നീ നാലു ഡിവിഷനുകളിൽ രാവിലെ തുറക്കുകയായിരുന്നു. രാവിലെ തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചു. എന്നാൽ പണിക്കിറങ്ങാത്തവർ എഴുതി നൽകിയിട്ട് തിരികെ മടങ്ങിക്കോളാൻ മാനേജ്‌മെന്റ് അറിയിച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഗത്യന്തരമില്ലാതെ തൊഴിലാളികൾ ജോലി ആരംഭിച്ചു. ഇതിനിടെ വിവരമറിഞ്ഞ തൊഴിലാളി യൂണിയൻ നേതാക്കൾ പീരുമേട് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്പൊലീസ് സ്ഥലത്തെത്തി ജോലികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. നാലു ഡിവിഷനുകളിലായി 850 തൊഴിലാളികളാണ് ഇന്നലെ ജോലിക്കെത്തിയത്. ഉത്തരവ് ലഭിച്ചില്ലെന്നാണ് തോട്ടം അധികൃതർ പൊലീസിനോടു പറഞ്ഞത്. ലോക്ക് ഡൗൺ കാലയളവ് വരെ പണികൾ നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകി.