തൊടുപുഴ: തൊടുപുഴയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ കുമാരമംഗലത്ത് രോഗം സ്ഥിരീകരിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത് പ്രദേശവാസികളെ തെല്ല് ആശങ്കയിലാഴ്ത്തി. എന്നാൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജില്ലാ കളക്ടർ എച്ച്. ദനേശൻ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ കുമാരമംഗലം സ്വദേശിയായ 33 കാരൻ കഴിഞ്ഞ 19 നാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തിയ ഇദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 23ന് അദ്ദേഹം തന്നെ ബൈക്കിൽ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകി. തുടർന്ന് വീട്ടിലെത്തി. കുടുംബാഗങ്ങളുമായി പോലും നേരിട്ടു വിനിമയം നടത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗിയുമായി സംസാരിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1224 ആയി. ഇതിൽ മൂന്ന് പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലാണ്.
ഇന്ന് മാത്രം 114 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലായത്. ഇനി ഒമ്പത് സ്രവപരിശോധനാ ഫലങ്ങൾ കൂടി കിട്ടാനുണ്ട്.