thomas


കട്ടപ്പന: പുറ്റടിയിൽ വയോധികൻ കൊലപ്പെടുത്തിയ സഹോദരനെ അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടൂർ അത്തിപ്പാടം വേലിക്കാട്ട് ചിറയൻമാലിയിൽ സി.വി. തോമസാ(മത്തൻ67) ണ് പുറ്റടി ചിറയൻമാലിയിൽ ഐപ്പ് വർക്കി(69)യെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. മാതാവിന്റെ പേരിലുള്ള സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. 22ന് രാവിലെ ആറോടെയാണ് കട്ടിലിൽ മരിച്ചനിലയിൽ ഐപ്പിനെ കണ്ടെത്തിയത്. തുടർന്ന് പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംഭവത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന തോമസിനെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുടുംബത്തോടൊപ്പം പാലക്കാട് താമസിക്കുന്ന തോമസ് 20നാണ് മാതാവുംസഹോദരൻ ഐപ്പും താമസിക്കുന്ന വീട്ടിൽ എത്തിയത്. തുടർന്ന് മാതാവിന്റെ പേരിലുള്ള സ്വത്തിൽ ഇയാൾ അവകാശം ഉന്നയിച്ചപ്പോൾ ഐപ്പ് എതിർത്തിരുന്നു. പിന്നീട് പുറത്തേക്കുപോയ തോമസ് മദ്യം വാങ്ങിക്കൊണ്ടുവന്ന് ഐപ്പിനൊപ്പം മദ്യപിച്ചു. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന ഐപ്പിനെ ശനിയാഴ്ച പുലർച്ചെ തോമസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേൾവിക്കു തകരാറുള്ളതിനാൽ മാതാവ് ഇക്കാര്യം അറിഞ്ഞില്ല. കൊലയ്ക്കുശേഷം വീണ്ടും കിടന്നുറങ്ങിയ പ്രതി രാവിലെ എഴുന്നേറ്റ് ചെല്ലാർകോവിലുള്ള സഹോദരന്റെ വീട്ടിലേക്കു പോയി. മദ്യലഹരിയിൽ ഐപ്പ് ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നു മാതാവ്. ഞായറാഴ്ച രാവിലെയായിട്ടും ഉണരാതെ വന്നതോടെ അയൽവാസികളെ കൂട്ടി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കട്ടപ്പന ഡിവൈ.എസ്.പി: എൻ.സി.രാജ്‌മോഹൻ, കമ്പംമെട്ട് സി.ഐ: ജി. സുനിൽകുമാർ, എസ്.ഐമാരായ പി.എസ്. നൗഷാദ്, ബിജു ജോസഫ്, എസ്.സി.പി.ഒ: ജോസഫ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.