ക്വാറന്റിനിൽ കഴിയാൻ നിർദേശം
കട്ടപ്പന: ഒമാനിൽ നിന്നെത്തി പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ രഹസ്യമായി ഹൈറേഞ്ചിലെ ഭർതൃഗൃഹത്തിലെത്തി. ചൊവ്വാഴ്ച രാത്രിയാണ് ഇവർ ഭർത്താവിനൊപ്പം കട്ടപ്പന കാഞ്ചിയാർ പാലാക്കടയിലുള്ള വീട്ടിലെത്തിയത്. അയൽവാസികളോ ബന്ധുക്കളോ ഇക്കാര്യമറിഞ്ഞില്ല. ഒമാനിൽ ജോലി ചെയ്തിരുന്ന ഇവർ കഴിഞ്ഞ 13നാണ് ജന്മനാടായ പത്തനംതിട്ടയിലെത്തിയത്. തുടർന്ന് ഇവിടുത്തെ വീട്ടിൽ ക്വാറന്റിനിലായിരുന്നു. കഴിഞ്ഞദിവസം ഭർത്താവും പത്തനംതിട്ടയിൽ എത്തിയിരുന്നു. തുടർന്നാണ് രാത്രിയിൽ കാറിൽ കാഞ്ചിയാറിലേക്ക് കടന്നത്. വീട്ടമ്മയ്‌ക്കെതിരെ വെച്ചൂച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ കാഞ്ചിയാറിൽ എത്തിയതറിഞ്ഞ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി ക്വാറന്റിനിൽ കഴിയാനും മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.