കട്ടപ്പന: പൊലീസ് ലാത്തി പ്രയോഗം കടുപ്പിച്ചതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഇന്നലെ മുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നു മുന്നറിയിപ്പ് നൽകിയതോടെ അവശ്യ സർവീസുകളായിരുന്നു ഏറെയും. ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി വാഹനം നിരത്തിലിറക്കിയതിനും കൂട്ടം കൂടിയതിനുമടക്കം കട്ടപ്പന പൊലീസ് ഇന്നലെ 12 കേസുകൾ കേസുകൾ രജിസ്റ്റർ ചെയ്തു. നാലു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച നിർദേശങ്ങൾ ലംഘിച്ച് നഗരത്തിലെത്തിയവർക്കെതിരെ ലാത്തി വീശിയതിനാൽ ഇന്നലെ ലോക്ക്ഡൗൺ 'കാണാനാ'യി ആരും തന്നെ ഇറങ്ങിയില്ല. കൂടാതെ കട്ടപ്പന മാർക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മാർക്കറ്റ് കാലിയായി. വണ്ടൻമേട് സ്‌റ്റേഷനിലും 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപ്പുതറ പൊലീസ് 12 പേർക്കെതിരെ കേസെടുക്കുകയും അഞ്ച് വണ്ടികൾ പിടിച്ചെടുക്കുകയും ചെയ്തു. എല്ലാ സ്‌റ്റേഷനുകളുടെയും പരിധിയിൽപെട്ട പ്രധാന ജംഗ്ഷനുകളിൽ പൊലീസ് പരിശോധന തുടരുകയാണ്.