കട്ടപ്പന: സ്വതന്ത്രമായി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പ് തയാറാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. ആർ.ഡി.ഒ. അതുൽ സ്വാമിനാഥനാണ് ഏകോപന ചുമതല. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൊഴിലാളികളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും ആർ.ഡി.ഒ ചോദിച്ചറിഞ്ഞു. ഇവർക്ക് വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കി ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കും. കട്ടപ്പനയിൽ തൊഴിലാളികൾ കഴിയുന്ന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, വില്ലേജ് ഓഫീസർ ജയ്‌സൺ ജോർജ്, വിൻസന്റ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.