തൊടുപുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രി വിട്ടു നൽകാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ ഇവിടെയുണ്ടായിരുന്ന 105 കിടപ്പു രോഗികളെയും ഡിസ്ചാർജ് ചെയ്തു. തൊടുപുഴയിൽ കൊറോണ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്നതിന്റെയും അടിസ്ഥാനത്തിലാണ് അലോപ്പതി വകുപ്പിന് ആയുർവേദ ആശുപത്രി വിട്ടു നൽകാൻ ആയുർവേദ വകുപ്പ് തീരുമാനിച്ചത്. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ പേ വാർഡുകൾ ഐസൊലേഷൻ വാർഡുകളാക്കി ഉപയോഗിക്കാൻ നിലവാരത്തിലുള്ളതാണ്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് താമസിക്കാനും ആയുർവേദ ആശുപത്രിയിലെ മുറികൾ ഉപയോഗപ്പെടുത്താൻ കഴിയും. ഇരുവകുപ്പുകളുടെയും വകുപ്പ്തല മേധാവികൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. രോഗികളെ ഡിസ്ചാർജ് ചെയ്‌തെങ്കിലും പതിവ് പോലെ ഒ.പി വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.