തൊടുപുഴ: വീടുകളിൽ ഭക്ഷണം കിട്ടാതെ പട്ടിണിയിരിക്കേണ്ട, തൊടുപുഴ നഗരസഭ ഇന്നു മുതൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. ഭക്ഷണം ആവശ്യമുള്ളവർക്ക് ഇന്നു മുതൽ വീടുകളിൽ സൗജനമായി എത്തിച്ചു തുടങ്ങും. കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം കിട്ടാതെ വലയുന്ന സാഹചര്യം ഒഴിവാക്കാൻ കമ്മ്യൂണിറ്റി കിച്ചണുകൾ സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരുക്കുമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തൊടുപുഴ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ ആനക്കൂടുള്ള അമൃതാ കേറ്ററിംഗ് സെന്ററിന്റെ സ്ഥലത്താണ് പ്രവർത്തനം നടത്തുക. ഈ സാഹചര്യത്തിൽ കേറ്ററിംഗ് ഉടമ നഗരസഭയ്ക്കായി സ്ഥലവും ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങളും വിട്ടു നൽകുകയായിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം ആരംഭിച്ചു. മികച്ച രീതിയിൽ ഭക്ഷണം നൽകാൻ മറ്റു സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ സഹായവും സ്വീകരിച്ചേക്കും. സി.ഡി.എസ് ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ 12 പേരാണ് കലവറ കൈകാര്യം ചെയ്യുന്നത്. തയ്യാറാക്കിയ ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിനായി 10 പേരുടെ കർമസേനയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർ മുഖേന നഗരസഭയുടെ വാഹനത്തിലാണ് ആവശ്യക്കാർക്ക് ഭക്ഷണപൊതികൾ എത്തിച്ചു നൽകുക. ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക്, എച്ച്.ഐമാരായ പ്രവീൺ, തൗഫീക് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യുണിറ്റി കിച്ചണിന്റെ പ്രവർത്തനം.
മൂന്ന് നേരം ഭക്ഷണം
നഗരസഭ പരിധിയിൽ വീടുകളിൽ കൊറോണ നീരിക്ഷണത്തിൽ കഴിയുന്നവർ, ഭക്ഷണത്തിനായി ആവശ്യപ്പെടുന്നവർ, ഭക്ഷണം കിട്ടാതെ നഗരത്തിൽ അലഞ്ഞ് തിരിയുന്നവർ എന്നിവർക്കാണ് ഭക്ഷണം എത്തിച്ച് നൽകുക. ഭക്ഷണം ആവശ്യപ്പെടുന്നവർക്കെല്ലാം എത്തിച്ച് നൽകും.
നഗരസഭ പരിധിയിൽ 381 പേരാണ് ഇന്നലെ വരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അതിൽ വളരെ കുറച്ച് പേർ മാത്രമെ ഭക്ഷണം ആവശ്യപ്പെട്ടിട്ടുള്ളു. മൂന്നു നേരമാണ് ഭക്ഷണം എത്തിച്ചു നൽകുക.
പണം തനത് ഫണ്ടിൽ നിന്ന്
മുതിർന്ന ഒരാൾക്ക് ഒരു ദിവസത്തേയ്ക്ക് 65 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്ക് 45 രൂപയും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ഈ തുക എടുക്കാം.
ഭക്ഷണം ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പരുകൾ: 9961751089, 9946936355, 7994937381.