ഇടുക്കി: ജില്ലയുടെ അതിർത്തികളിലൂടെയാണ് കേരളത്തിലേക്കുള്ള പച്ചക്കറി, പാൽ, അവശ്യവസ്തുക്കളുടെ വരവ്. ഈ വരവിന് ഒരുകാരണവശാലും തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന്ജില്ലാ കളക്ടർ അറിയിച്ചു . ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.പച്ചക്കറിക്ക് അമിത വില ഈടാക്കാൻ അനുവദിക്കില്ല. മറയൂർ. വട്ടവട എന്നിവിടങ്ങളിൽ ഇപ്പോൾ അധികമായിട്ടുള്ള പച്ചക്കറികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ ഹോർട്ടികൾച്ചർ കോർപറേഷനും വി എഫ് പി സികെയും ഇടപെടും. പഞ്ചായത്തുകളിലെ ഇക്കോഷോപ്പുകളും സഹ. ബാങ്കുകളുടെ സ്റ്റാളുകളും തുറക്കാൻ അനുവദിക്കും. പച്ചക്കറികളുടെ വില നിജപ്പെടുത്തി പ്രസിദ്ധപ്പെടുത്താൻ കൃഷി വകുപ്പിനും നിർദേശം നൽകി. മധുരയിലേക്കുള്ള നീക്കം നിലച്ചതിനാൽ മറയൂർ, കാന്തല്ലൂർ മേഖകളിൽ ആവശ്യത്തിലേറെ പച്ചക്കറിയുണ്ട്. ബട്ടർ ബീൻസ് പോലെയുള്ള ചിലയിനങ്ങൾക്ക് തമിഴ്‌നാട്ടിലാണ് ചെലവു കൂടുതൽ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് നിലവിൽ ഇവിടെ നിന്ന് പച്ചക്കറിവിതരണം ചെയ്യുന്നുണ്ട്. പച്ചക്കറി കൊണ്ടുവരുന്നതിനായി ഹോർട്ടി കോർപിന് കൂടുതൽ വാഹനങ്ങൾ അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി. കെ. മധു, എഡി എം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ സ്വാമിനാഥൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ്പി പയസ് ജോർജ്, ഡി എം ഒ ഡോ. എൻ പ്രിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കുര്യാക്കോസ്, ഇൻഫർമേഷൻ അസി. എഡിറ്റർ എൻ. ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷണലഭ്യത ഉറപ്പു വരുത്തും
ജില്ലയിൽ ലോക്ഡൗണിന്റെ പേരിൽ ആരും പട്ടിണി കിടക്കാൻ അനുവദിക്കുകയില്ല. ജില്ലയിലെ 51 പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചൻ തുറന്നു കഴിഞ്ഞു. വീടുകളിൽ നിരീക്ഷണമുള്ളവർക്കു ജില്ലാ ഭരണകൂടത്തിന്റെ ചെലവിൽ ഭക്ഷണം എത്തിച്ചുകൊടുക്കും. ഉടമയുടെ കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കു പ്രത്യേക ക്യാമ്പ് ഒരുക്കി അവിടെ ഭക്ഷണം നൽകും. ഉടമകളുടെ കീഴിലുള്ളവർക്കു അവർ തന്നെ ഭക്ഷണം നിർബന്ധമായും കൊടുത്തിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുവർക്കെതിരേ നടപടിയെടുക്കും. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും ഇത്തരത്തിൽ പ്രവർത്തനം നടത്തും.
ചെറുതോണിയിൽ കൂടുതൽ ജാഗ്രത
ഇടുക്കി സ്വദേശിയായ പൊതുപ്രവർത്തകന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണുമായി ബന്ധപ്പെട്ട മേഖലകളിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ മന്ത്രി എം എം മണി നിർദേശിച്ചു.
പൊലീസ് കടുത്ത ജാഗ്രതയിൽ
ജില്ലാ ഭരണകൂടവുമായി ചേർന്ന്പൊലീസ് കർശന ജാഗ്രതയും നിരീക്ഷണവും പുലർത്തിവരുകയാണെന്നു ജില്ലാ പൊലീസ് മേധാവി പി. കെ. മധു യോഗത്തിൽ അറിയിച്ചു. അനാവശ്യമായി വഴിയിലിറങ്ങുന്നവർക്കെതിരേ നടപടി തുടരും. പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങളോടു ഒരുകാരണവശാലും മോശമായി പെരുമാറാൻ പാടില്ലെന്ന സർക്കാർ നിർദേശം കൃത്യമായി പാലിക്കണമെന്നു മന്ത്രി വ്യക്തമാക്കി. മുൻകരുതലിനൊപ്പം നിയന്ത്രണവും നിരോധനവും ശക്തമാക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ജില്ലയിൽ തമിഴ്ജനത കൂടുതലുള്ളതിനാൽ റവന്യൂ, പോലീസ്, വനംവകുപ്പുകൾ കടുത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു.