ഇടുക്കി: കൊറോണ.യെ തുരത്താൻ മുൻകരുതലും ജാഗ്രതയുമായി വീടുകളിൽ കഴിയണമെന്ന് വിളംബരം ചെയ്ത് അവർ ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും ചുറ്റിക്കറങ്ങാൻ തുടങ്ങി. ജനനൻമയ്ക്കായി ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഇന്നലെ മുതൽ. ഓൾ കേരള ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ ജില്ലാ ഘടകമാണ് ഈ നിസ്വാർഥ സേവനത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. കോവിഡ് സംബന്ധിച്ചും ലോക് ഡൗൺ സംബന്ധിച്ചുമുള്ള മുന്നറിയിപ്പുകളും ജാഗ്രതയും വിളംബരം ചെയ്ത് ഓരോ അനൗൺസ്‌മെന്റ് വാഹനവും ഇനിയുള്ള ദിനങ്ങളിൽ ജില്ലയിൽ ചുറ്റിക്കറങ്ങും. ജില്ലാ ഭരണകൂടവും പൊലീസുമായി സഹകരിച്ചാണ് അസോസിയേഷൻ ഈ സേവനത്തിനു ഇറങ്ങിത്തിരിച്ചത്. പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ പൊലീസ് മേധാവി പി. കെ. മധുവിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ നിർവഹിച്ചു. 47 പ്രചാരണ വാഹനങ്ങളാണ് രംഗത്തുള്ളത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം ദേവസ്യ, ജില്ലാ പ്രസിഡന്റ് പി. ജെ. ടോമി, സെക്രട്ടറി ഷാജു, ട്രഷറർ ജിജി, മേഖല പ്രസിഡന്റ് ജോയ്‌സ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.