കട്ടപ്പന: ഭാര്യയുടെയും കുഞ്ഞിന്റെയും ശബ്ദം കേൾക്കുമ്പോൾ, നിരീക്ഷണത്തിൽ കഴിയുന്ന വാടക വീടിന്റെ ഉമ്മറത്ത് ഷിനു വന്നുനിൽക്കും. മുറ്റത്തിന്റെ അകലെനിന്നു അവരോട് സംസാരിക്കും. ഓടിച്ചന്ന് കുഞ്ഞിനെ കോരിയെടുക്കാനുള്ള മോഹമൊക്കെ ഉള്ളിലൊതുക്കി സന്തോഷത്തോടെ അവരെ യാത്രയാക്കും. ക്വാറന്റിനിൽ നിന്നു ചാടിപ്പോകുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് മാതൃകയാക്കാം മേലേചിന്നാർ വാതല്ലൂർ വി.പി. ഷിനു(30) വിനെ. മസ്‌കറ്റിലെ ഹോട്ടലിൽ ജോലി ചെയ്തുവരുന്ന ഷിനു കഴിഞ്ഞ 22നാണ് നാട്ടിലെത്തിയത്.
കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശം കണക്കിലെടുത്ത് നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പുതന്നെ ജന്മനാട്ടിലെ വീടിനോടു ചേർന്ന് വാടകയ്ക്ക് വീട് തരപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയിൽ വന്നിറങ്ങിയ ഉടൻ ടാക്‌സി വാഹനത്തിൽ വാടക വീട്ടിലെത്തി സ്വയം നിരീക്ഷണത്തിലാകുകയായിരുന്നു. ഭാര്യ അനുവിനെയും ഒരുവയസുകാരനായ മകൻ സിദ്ധാർഥിനെയും മാതാപിതാക്കളെയും അകലെ നിന്നു കാണും. ഇതുവരെ വീടിനു പുറത്തേയ്ക്ക് ഇറങ്ങിയിട്ടില്ല.
ഭക്ഷണം തയാറാക്കുന്നതടക്കം ഷിനു തനിച്ചാണ് ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർ എത്തുമ്പോൾ സിറ്റ്ഔട്ടിൽ എത്തി നിർദേശങ്ങൾ കേട്ട് അകത്തേയ്ക്ക് പോകും. ആറുവർഷം വിദേശത്തുകഴിഞ്ഞ തനിക്ക് 14 ദിവസം കൂടി കാത്തിരിക്കാമെന്നാണ് ഷിനു പറയുന്നത്. ആരുടെയും വാക്കുകൾക്ക് കാത്തുനിൽക്കാതെ സ്വയം ക്വാറന്റിനിൽ പ്രവേശിച്ച ഷിനുവിന്റെ പൗരബോധത്തെ പ്രശംസിക്കുകയാണ് ആരോഗ്യ പ്രവർത്തകരും. എല്ലാ ദിവസവും ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി ഷിനുവിനെ നിരീക്ഷിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നു.