traders

കട്ടപ്പന: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ 20 മലയാളികൾ ഉൾപ്പെടെ 200 പേർ മഹാരാഷ്ട്രയിലെ അകോളയിൽ കുടുങ്ങി. ഇവിടെ പ്രവർത്തിക്കുന്ന ഗ്ലെയ്‌സ് ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരുടെ സഹായം അഭ്യർഥിച്ചുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊറോണ ഭീതിയെത്തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ കമ്പനി കെട്ടിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിക്കുന്ന കമ്പനിയാണിത്.

കുടുങ്ങിക്കിടക്കുന്നവരിൽ ഇടുക്കി പീരുമേട് സ്വദേശികളും ഉൾപ്പെടുന്നു. കമ്പനി പൂട്ടിയതിനു പിന്നാലെ തൊഴിലാളികളോട് അവരവരുടെ വീടുകളിലേക്കു മടങ്ങാൻ അധികൃതർ നിർദേശിച്ചിരുന്നെങ്കിലും പൊതുഗതാഗതം നിരോധിച്ചതോടെ ഇവരുടെ മാർഗങ്ങൾ പൂർണമായി അടഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ നൽകാൻ കമ്പനി അധികൃതർ തയാറാകാത്തതിനാൽ ദിവസങ്ങളായി ഇവർ മുഴുപ്പട്ടിണിയിലാണ്.
ഭക്ഷണം കഴിച്ചിട്ട് മൂന്നുദിവസമായെന്നും എങ്ങിനെയെങ്കിലും രക്ഷിച്ചില്ലെങ്കിൽ ഇവിടെ കിടന്ന് മരിക്കുമെന്നും തൊഴിലാളികൾ അയച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.

പട്ടിണി കിടന്ന് പലരുടെ ആരോഗ്യനില തകരാറിലാണ്. ആരോഗ്യസ്ഥിതി മോശമായ തൊഴിലാളിയെ ആശുപത്രിയിലെത്തിക്കാൻ കേണപേക്ഷിച്ചിട്ടും അധികൃതർ തയാറായില്ലെന്നും വാഹനം പോലും വിട്ടുനൽകിയില്ലെന്നും ഇവർ അയച്ച സന്ദേശത്തിൽ പറയുന്നു. ആംബുലൻസ് വിട്ടുനൽകാൻ ഇവിടുത്തെ ആരോഗ്യപ്രവർത്തകരും തയാറായില്ലത്രേ. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ബി.ജെ.പി. പീരുമേട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പരാതി നൽകി.