തൊടുപുഴ: ലോക്ക്ഡൗണിന്റെ മറവിൽ തൊടുപുഴ താലൂക്കിൽ അമിതവിലയ്ക്ക് സാധനങ്ങൾ വിൽപന നടത്തിയ കടയുടമകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തൊടുപുഴ മാർക്കറ്റ് റോഡിലെ കെ.കെ.പി, പടിഞ്ഞാറേക്കരയിൽ, കരിം സ്റ്റോഴ്‌സ് എന്നീ മൊത്ത വ്യാപാരികൾക്കും വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷന് സമീപത്തെ പച്ചക്കറി കടയ്ക്കുമെതിരെയാണ് നടപടിക്ക് ശുപാർശ. അമിത വിലയ്ക്കും വിലവിവരപട്ടിക തെറ്റായി പ്രദർശിപ്പിച്ചും വിൽപന നടത്തിയതിനാണ് പച്ചക്കറി വ്യാപാരിക്ക് എതിരെ നടപടിയെടുത്തത്. കൃത്യമായി ബില്ലുകൾ നൽകാതെയും വ്യത്യസ്ത വിലകളിൽ അരിയും പലചരക്ക് സാധനങ്ങളും വിറ്റതിനുമാണ് മൂന്ന് മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന നിയമം അനുസരിച്ച് നടപടിക്ക് ശുപാർശ ചെയ്തത്. കളക്ടറുടെ നിർദ്ദേശനുസരണം തൊടുപുഴ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി വകുപ്പുമായി ചേർന്നാണ് തൊടുപുഴ താലൂക്കിൽ സംയുക്ത പരിശോധന നടത്തിയത്. പച്ചക്കറി വ്യാപാരി പ്രദർശിപ്പിച്ചിരുന്ന വിലവിവരപ്പട്ടിക മായ്ച്ച് കൃത്യമായ വില രേഖപ്പെടുത്തി. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർക്കു പുറമെ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എം.എ. അബ്ദുള്ള, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.എസ്. ജയൻ, പി.വി. സരിത, എം.എസ്. നീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
''മൊത്ത- ചില്ലറ വ്യാപാരികൾ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ, വാങ്ങിയ ബില്ലുകൾ, വിൽപന ബില്ലിന്റെ പകർപ്പുകൾ, ആവശ്യമായ ലൈസൻസുകൾ, ത്രാസ് മുദ്ര വച്ച രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കണം. പരിശോധനയ്ക്ക് ഉദ്യോഗസ്ഥൻ എത്തുമ്പോൾ ഇവ ഹാജരാക്കണം. വിലവിവര ബോർഡുകളിൽ കൃത്യമായ തീയതി, വില എന്നിവ പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണം. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും നടപടികളും ഉണ്ടാകും""
-മാർട്ടിൻ മാനുവൽ (തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ)