തൊടുപുഴ: ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം പാലിക്കാൻ വിസമ്മതിച്ച മീൻകട നഗരസഭാ അധികാരികൾ അടച്ചുപൂട്ടി. തൊടുപുഴ വെങ്ങല്ലൂരിലെ സമുദ്ര ഫിഷറീസാണ് അടപ്പിച്ചത്. പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധർ, ഹെൽത്ത് സൂപ്പർവൈസർ സി.ജെ. കുര്യാച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊടുപുഴ നഗരസഭാ പരിധിയിൽ പരിശോധന നടക്കുന്നത്. തുറന്നു പ്രവർത്തിക്കുന്ന കടകളിൽ 'ബ്രേക്ക് ദി ചെയിൻ" സൗകര്യവും സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ടോ എന്നാണ് ഇവർ പരിശോധിക്കുന്നത്. ഈ മാർഗനിർദേശം പാലിക്കാത്ത കടയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ അടപ്പിച്ചത്.