corona-virus-

തൊടുപുഴ: കൊറോണ രോഗബാധിതനായ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് മൂവായിരത്തിലധികം പേരുമായി ബന്ധപ്പെട്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. ഒരു ദിവസം നീണ്ട പ്രയത്‌നത്തിനൊടുവിൽ ഇയാളുടെ റൂട്ട്മാപ്പ് ഇന്നലെ വൈകിട്ട് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. തൊടുപുഴ കാരിക്കോടുള്ള ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് ഇപ്പോഴുള്ളത്.

ഇദ്ദേഹം രോഗബാധിതനായ ശേഷം പല ദിവസങ്ങളിലും 150- 200 കിലോമീറ്റർ സഞ്ചരിച്ചതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഇതിനിടെ,​ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് കളക്ടർ മുഖേന അഭ്യർത്ഥന കുറിപ്പിറക്കി. ഫെബ്രുവരി 29 മുതൽ രോഗബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിനു ശേഷം യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിച്ചത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് രണ്ടുവട്ടം എത്തി. ഒരു മന്ത്രിയെയും മുൻ മുഖ്യമന്ത്രിയടക്കം നാല് എം.എൽ.എമാരെയും കണ്ടു. എം.എൽ.എ ഹോസ്റ്റലിൽ താമസിച്ച് കാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ചു. ഷോളയൂർ, അടിമാലി എന്നിവിടങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപക സമരത്തിലും സെക്രട്ടേറിയറ്റ് സമരത്തിലും പങ്കെടുത്തു. ഇടുക്കി ജില്ലയിലെ വിവിധ പാർട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

സമ്പർക്കത്തിലേർപ്പെട്ടവരുടെ പൂർണ വിവരം ഇദ്ദേഹത്തിന് ഓർമയില്ലാത്തതിനാൽ ഭാഗിക പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ പ്രതിപക്ഷ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 29നും മാർച്ച് 11നുമാണ് തിരുവനന്തപുരത്തെത്തിയത്. 11നായിരുന്നു അദ്ധ്യാപകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിയുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടന്നത്. ഇതിനിടെ മാർച്ച് ഏഴിന് അട്ടപ്പാടിയിലും എട്ടിന് ഷോളയൂരിലും അദ്ധ്യാപക സമരത്തിൽ പങ്കെടുത്തു. മാർച്ച് 14, 20 തീയതികളിൽ ചെറുതോണി ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്കും പോയി.

നേതാവിന്റെ തിരുവനന്തപുരത്തെ

സഞ്ചാരം,​ താമസം

​ ഫെബ്രുവരി 29

ഹോട്ടൽ ഹൈലാന്റിൽ താമസം. രാവിലെ 11 മുതൽ 12.30 വരെ സെക്രട്ടേറിയറ്റ് ധർണ, ഉച്ചയ്ക്ക് ഒന്നിന് ഹോട്ടൽ ഹൈലാന്റിൽ നിന്ന് ഭക്ഷണം, രണ്ടിന് കാട്ടാക്കടയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര, വൈകിട്ട് നാലിന് സ്കൂട്ടറിൽ കാട്ടാക്കടയിൽ നിന്ന് അമ്പൂരിക്ക്, രാത്രി 8.30ന് ഹോട്ടൽ ഹൈലാന്റിൽ, 10.30 ന് കെ.എസ്.ആർ.ടി.സി ബസിൽ ഇടുക്കിയിലേക്ക് ​ മാർച്ച് 11 രാവിലെ എം.എൽ.എ ഹോസ്റ്റലിൽ താമസം, എം.എൽ.എ ഹോസ്റ്റലിൽ നിന്നു പ്രഭാതഭക്ഷണം, രാത്രി എട്ടിന് കെ.എസ്.ആർ.ടി.സി ബസിൽ പെരുമ്പാവൂരിലേക്ക്  മാർച്ച് 26 തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ചു.